കിടപ്പിലായ രോഗികള്‍ക്ക് പാലിയേറ്റീവ് പരിചരണം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകരാകാന്‍ അവസരം. തങ്ങളുടെ സമീപ പ്രദേശത്തുള്ള കിടപ്പിലായ രോഗിയെ പരിചരിക്കുവാന്‍ ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ചെലവഴിക്കാന്‍ സാധിക്കുന്നവര്‍ക്കും സാന്ത്വന പരിചരണത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ തയാറുള്ളവര്‍ക്കും സാമൂഹിക സന്നദ്ധ സേനയുടെ വെബ്‌സൈറ്റില്‍ (https://sannadhasena.kerala.gov.in/volunteerregistration ) രജിസ്റ്റര്‍ ചെയ്തു സന്നദ്ധത അറിയിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി അതത് തദ്ദേശ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനവുമായി ബന്ധിപ്പിക്കും.
എല്ലാ കിടപ്പിലായ രോഗികള്‍ക്കും പരിചരണത്തിന് സന്നദ്ധ പ്രവര്‍ത്തകരെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന തല കാമ്പയിന്‍ സാമൂഹിക സന്നദ്ധ സേന Directorate ന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി അവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി സാന്ത്വന പരിചരണ ശൃംഖലയുടെ ഭാഗമാക്കുവാനാണ് ശ്രമം.
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ palliative care action plan ല്‍ എല്ലാ കിടപ്പു രോഗികളുടെയും സമീപത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സജീവ സാന്നിദ്ധ്യം ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കിടപ്പിലായ ഓരോ രോഗിയെയും ശ്രദ്ധിക്കുവാന്‍ കുടുംബത്തിനു പുറത്ത് നിന്ന് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ ഉണ്ടാകുന്നത് രോഗികളുടെ പരിചരണം വലിയ രീതിയില്‍ മെച്ചപ്പെടുത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7736205554.