തലേന്ന് രാത്രി ബാക്കി വന്ന ചോറില്‍ ഉപ്പും വെള്ളവുമൊഴിച്ച് വെയ്ക്കുന്നതാണല്ലോ പഴങ്കഞ്ഞി. ഇപ്പോള്‍ 60-70 വയസ്സായ പലരും പറയാറുണ്ട്, എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം പണ്ടു കഴിച്ച പഴങ്കഞ്ഞിയാണെന്ന്. പുതുതലമുറക്കാരും പഴങ്കഞ്ഞിയുടെ പോഷകഗുണം മനസ്സിലാക്കി ഇപ്പോള്‍ ഇതിലേക്ക് തിരിഞ്ഞിട്ടുണ്ട്. പഴങ്കഞ്ഞി വിളമ്പുന്ന ചെറുതും വലുതുമായ ഹോട്ടലുകളുമുണ്ട്. ചിലര്‍ക്ക് പഴങ്കഞ്ഞി അത്ര ഇഷ്ടമല്ല. അതിന്‍റെ പുളിച്ച മണമാണ് ഈ ഇഷ്ടക്കുറവിന് കാരണം.
പഴങ്കഞ്ഞിയില്‍ കാന്താരിമുളക് ഞെരടിപ്പിഴിഞ്ഞ് തൈരൊഴിച്ച് അച്ചാറും ചുട്ട പപ്പടവും ചേര്‍ത്താണ് വെജിറ്റേറിയനായവര്‍ കഴിക്കുക. നോണ്‍വെജ് കഴിക്കുന്ന പലര്‍ക്കും തൊട്ടുകൂട്ടാന്‍ കപ്പയോ ഉണക്കമീനോ മീന്‍കറിയോ ഒക്കെ വേണം. വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രേക്ക്ഫാസ്റ്റ് എന്നത് ഈ പഴങ്കഞ്ഞിയായിരുന്നു. പഴങ്കഞ്ഞിവെള്ളത്തില്‍ ചെറിയ ഉള്ളി ചതച്ചതും ഉപ്പുമിട്ട പഴങ്കഞ്ഞിജൂസ് വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഉത്തമപാനീയമാണ്.
ഇനി പഴങ്കഞ്ഞിയുടെ ഗുണങ്ങളെപ്പറ്റി പറയാം. ഇതില്‍ സാധാരണയായി കഴിക്കുന്ന ആഹാരത്തിലില്ലാത്ത വിറ്റാമിന്‍ ബി6, ബി12 എന്നിവയുണ്ട്. നല്ല ചുറുചുറുക്കും ഊര്‍ജ്ജവുമേകുന്ന ഭക്ഷണമാണിത്. എല്ലിന് ബലമേകും, ദഹനശേഷി വര്‍ദ്ധിപ്പിക്കും, ചെറുപ്പം നിലനിര്‍ത്തും, ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടും.