ഡോ.ടൈറ്റസ് പി. വർഗീസ്
ഉയരത്തെപ്പേടി
പതിനാറു വയസ്സു പ്രായമുള്ള എന്‍റെ മകള്‍ പ്ലസ് വണ്ണിനു പഠിക്കുന്നു.
ചെറിയ ഉയരങ്ങളോടുപോലും അവള്‍ക്ക് വലിയ ഭയമാണ്.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചിരുന്നു.
അദ്ദേഹം ഒരുമാസം മരുന്നു കഴിക്കാനാണ് പറഞ്ഞത്.
പക്ഷേ, ഒരു മാറ്റവും ഉണ്ടായില്ല.
പിന്നീട് ചെന്നപ്പോള്‍ ആറുമാസത്തേക്ക് കഴിക്കാന്‍ പറഞ്ഞു.
പ്രത്യേകിച്ച് പുരോഗമനമൊന്നും ആറുമാസം കഴിഞ്ഞിട്ടും കാണാന്‍ സാധിച്ചില്ല.
ഡോക്ടര്‍ പിന്നീട് കൃത്യമായി ഒന്നും പറയാതെയായി.
പക്ഷേ, മരുന്നു കഴിച്ച് മകള്‍ ഇപ്പോള്‍ വല്ലാതെ തടിച്ചു.
മറ്റു കുട്ടികള്‍ അവളെ കളിയാക്കിത്തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍.
മകളുടെ ഈ ഭയത്തിന് ഏതോ ടൈപ്പ് ഫോബിയ ആണെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
ഇത് ഒരിക്കലും സുഖപ്പെടില്ലേ?
മറ്റു ചികിത്സകള്‍ എന്തെങ്കിലും ഈ പ്രശ്നത്തിന് ഫലപ്രദമാണോ?
ലേഖ, പുതിയങ്ങാടി
മറുപടി
‘ഫോബിയ’ എന്ന പേരില്‍ത്തന്നെ ഒരു സാധാരണമനുഷ്യനെ ഭയപ്പെടുത്താനുള്ള സകലതും അടങ്ങിയിട്ടുണ്ട്.
ഫോബിയകള്‍ക്ക് പേരിടാന്‍ മത്സരിക്കുകയാണ് ഇന്ന് മനശ്ശാസ്ത്രജ്ഞന്മാര്‍!
പക്ഷേ, എന്തുകൊണ്ടാണ് ഇവ ഒരു വ്യക്തിയില്‍ രൂപപ്പെടുന്നതെന്നു കണ്ടെത്താന്‍ മാത്രം ആര്‍ക്കും താല്‍പര്യമില്ല.
സുഹൃത്തേ നിങ്ങളുടെ മകളുടെ ഭയത്തിന് കേട്ടാല്‍ ഞെട്ടുന്ന ഒരു പേരിട്ടതുകൊണ്ട് മകളുടെ പേടി മാറുമോ?
ചെറിയ ഉയരംപോലും ഭയമാകാന്‍ കാരണം വളരെ ചെറുപ്പത്തില്‍ ഉണ്ടായ അനുഭവങ്ങള്‍തന്നെയാവണം.
ഉദാഹരണത്തിന് വെറുതെ തമാശയ്ക്ക് മുതിര്‍ന്നവര്‍ കുട്ടികളെ മുകളിലേക്ക് ഇട്ടുകളിക്കുക, ഉയരത്തില്‍നിന്നും അശ്രദ്ധമൂലം വീഴാന്‍ ഇടയാവുക തുടങ്ങിയവയൊക്കെ ഇത്തരം അധികരിച്ച ഭയത്തിന് കാരണമാകാറുണ്ട്.
വാഹനങ്ങളില്‍നിന്നുള്ള വീഴ്ചകളും ഒരു പരിധിവരെ ഇത്തരം അനിയന്ത്രിതപേടിക്ക് അടിസ്ഥാനമായി കാണുന്നുണ്ട്.
ഭയത്തിന്‍റെ കാര്യത്തില്‍ ഏറ്റവും ശക്തമായ ഇന്ദ്രിയാനുഭവം ശബ്ദംതന്നെയാണ്.
ഡ്രാക്കുളയുടെ സിനിമയില്‍പ്പോലും ശബ്ദം ഇല്ലാതെ അതൊന്നു കണ്ടുനോക്കൂ!
ആരും പേടിക്കില്ല.
ശബ്ദവുമായി ബന്ധപ്പെട്ട് മസ്തിഷ്കത്തിലെ ഫ്രണ്ടല്‍ ലോബില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ ഡൊപ്പമിന്‍ എന്ന ന്യൂറോ കെമിക്കലില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നുണ്ട്.
ഇവയുണ്ടാക്കുന്ന അനുരണനങ്ങളാണ് ഫോബിയ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അധികരിച്ച ഭയങ്ങള്‍ക്കു കാരണം എന്നു പറയാവുന്നതാണ്.
ഉപബോധമനസ്സിന്‍റെ വളര്‍ച്ചയുടെ പൂര്‍ത്തീകരണം നടക്കുന്ന 14-15 വയസ്സിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഏതൊരാളിന്‍റെയും വ്യക്തിത്വത്തിന്‍റെ അടിത്തറയായി മാറുന്നത്.
‘ഫോബിയ’കളുടെ വിഷയസംഗതി ഇങ്ങനൊക്കെത്തന്നെ.
ഓരോ അനുഭവങ്ങളും നമ്മളിലേക്ക് കടന്നുവരുന്നത് ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ്.
കണ്ടത്, കേട്ടത്, സ്പര്‍ശിച്ചത്, മണത്തത്, രുചിച്ചത് എന്നിങ്ങനെയാണല്ലോ ഇന്ദ്രിയാനുഭവങ്ങള്‍. അത്തരം ഇന്ദ്രിയാനുഭവതലത്തില്‍ വളരെ ചെറുപ്പം മുതല്‍ ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങളുടെ സ്വാധീനം അത്യാധുനിക മനശ്ശാസ്ത്രമാര്‍ഗ്ഗങ്ങളിലൂടെ ‘ഡീകോഡ്’ ചെയ്തു മാറ്റുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും മാറ്റപ്പെടുന്നതാണ്.
മരുന്നോ ഷോക്കോ ഹിപ്നോട്ടിസമോ റിലാക്സേഷന്‍ ടെക്നിക്കുകളോ, ഉപദേശങ്ങളോ തീര്‍ത്തും ഇല്ലാത്ത ‘ബയോ ഫീഡ് ബാക്ക്’ തലത്തിലുള്ള ആധുനിക മനശ്ശാസ്ത്രചികിത്സകള്‍ ഇപ്പോള്‍ കേരളത്തിലും ലഭ്യമാണ്. ആശംസകള്‍.