ഉരുളക്കിഴങ്ങിലെ പോഷകം

അരിയും ഗോതമ്പും ചോളവും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുവാണ് ഉരുളക്കിഴങ്ങ്. ബിസി 8000-നും 5000-നും ഇടയ്ക്ക് പെറുവിലാണ് ആദ്യമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്യപ്പെട്ടതെന്നു കരുതുന്നു. 1536-ല്‍ പെറുവിനെ സ്പെയിന്‍ കീഴടക്കിയപ്പോള്‍ അവര്‍ വഴി ഉരുളക്കിഴങ്ങ് യുറോപ്പിലെത്തി. 1589-ല്‍ അയര്‍ലന്‍ഡില്‍ വന്‍തോതില്‍ ഉരുളക്കിഴങ്ങുകൃഷി തുടങ്ങി. ഓട്സിനേക്കാളും ഗോതമ്പിനേക്കാളും എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു കൃഷിയായി ഉരുളക്കിഴങ്ങ് മാറി. 1620-നു ശേഷം അമേരിക്കയിലും കിഴങ്ങുകൃഷി തുടങ്ങി. 18-ാം നൂറ്റാണ്ടിലാണ് ഫ്രാന്‍സില്‍ കിഴങ്ങെത്തിയത്.
ഉരുളക്കിഴങ്ങിലെ പോഷകം
ഒരു പഴത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ പൊട്ടാസ്യം ഉരുളക്കിഴങ്ങിലുണ്ട്. പൊട്ടാസ്യം അടങ്ങിയിട്ടുള്ള ആഹാരപദാര്‍ത്ഥങ്ങളില്‍ പ്രാധാനപ്പെട്ട ഒന്നാണിത്. നാഡീസന്ദേശങ്ങള്‍ അയയ്ക്കാനും പേശികളുടെ കരുത്ത് നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം സാധാരണനിലയിലാക്കാനും പൊട്ടാസ്യം സഹായിക്കുന്നു. തൊലിയോടു കൂടിയ ഇടത്തരം വലിപ്പമുള്ള ഒരു ഉരുളക്കിഴങ്ങില്‍ ഒരു ദിവസം ഒരാള്‍ക്ക് വേണ്ട 18 ശതമാനം പൊട്ടാസ്യമുണ്ട്. ഒരു തക്കാളിയിലോ മധുരക്കിഴങ്ങിലോ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി ഉരുളക്കിഴങ്ങിലുണ്ട്. ഒരാള്‍ക്ക് ഒരു ദിവസം വേണ്ട 8 ശതമാനം നാരുകള്‍ ഒരു കിഴങ്ങില്‍ നിന്നും ലഭിക്കും. വിറ്റാമിന്‍ ബി 6-ഉം കിഴങ്ങിലുണ്ട്. ഓക്സിജനെ ശരീരത്തിന്‍റെ എല്ലാ ഭാഗത്തും അയയ്ക്കുന്ന ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന പ്രധാനം ഘടകമാണ് അയേണ്‍ അഥവാ ഇരുമ്പ്. ഇരുമ്പിന്‍റെ കുറവാണ് അനീമിയ എന്നറിയപ്പെടുന്നത്. ഒരു ദിവസം ഒരാള്‍ക്കു വേണ്ട 6 ശതമാനം ഇരുമ്പ് കിഴങ്ങിലുണ്ട്. കൂടാതെ തയാമിന്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയവയും കിഴങ്ങിലുണ്ട്. ഉരുളക്കിഴങ്ങിലെ പോഷകത്തിന്‍റെ 20 ശതമാനം അതിന്‍റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്.
ഉരുളക്കിഴങ്ങുകൃഷി
നല്ല സൂര്യപ്രകാശം ആവശ്യമുള്ള കൃഷിയാണിത്. ഏതാണ്ട് നൂറു ദിവസമെടുക്കും വിളവെടുക്കാന്‍. മണ്ണിനു മുകളില്‍ വളര്‍ന്നുവന്ന ചെടിയുടെ പച്ചനിറം ബ്രൗണ്‍ ആകുന്നതാണ് കിഴങ്ങ് പറിക്കാന്‍ പാകമായി എന്നതിന്‍റെ ലക്ഷണം. ലോകത്ത് എല്ലായിടത്തും ഉരുളക്കിഴങ്ങ് കൃഷി ചെയ്യപ്പെടുന്നുണ്ട്. ചൈനയാണ് മുന്‍പന്തിയില്‍. റസറ്റ്, യൂക്കണ്‍ഗോള്‍ഡ്, കെന്നെബെഗ്, ഡെസിറീ, ഫിംഗര്‍ലിംഗ് തുടങ്ങി ആയിരത്തോളം ഇനം ഉരുളക്കിഴങ്ങുകളുണ്ട്.
ഉരുളക്കിഴങ്ങുക്ഷാമം
1845-നും 1852-നും ഇടയ്ക്ക് അയര്‍ലന്‍ഡിലുണ്ടായ ഉരുളക്കിഴങ്ങുക്ഷാമത്തിന്‍റെ കാരണം കിഴങ്ങിനുണ്ടായ പൊട്ടറ്റോ ബ്ലൈറ്റ് എന്ന രോഗമായിരുന്നു. വന്‍തോതില്‍ കൃഷിനാശമുണ്ടായി. കിഴങ്ങ് ക്ഷാമം മൂലം പട്ടിണിമരണങ്ങള്‍ കൂടി. പ്രധാനഭക്ഷണമായി കിഴങ്ങിനെ ആശ്രയിച്ചിരുന്ന ഏകദേശം ഒരു മില്യന്‍ ആളുകള്‍ മരണത്തിന് കീഴടങ്ങി. അനേകം പേര്‍ നാടുവിട്ടു. ശരാശരി ഒരു ഐറിഷ്കാരന്‍ ദിവസവും പത്ത് പൗണ്ട് ഉരുളക്കിഴങ്ങായിരുന്നു കഴിച്ചിരുന്നത്.
ഫ്രെഞ്ച് ഫ്രൈസ്
എണ്ണയില്‍ നന്നായി പൊരിച്ചെടുക്കുന്ന ഉരുളക്കിഴങ്ങ് കഷണങ്ങളാണ് ഫ്രെഞ്ച് ഫ്രൈസ്. പേരു കേട്ടാല്‍ അതിന്‍റെ ഉത്ഭവം ഫ്രാന്‍സാണെന്നേ പറയൂ. എന്നാല്‍ ബെല്‍ജിയത്തിനാണ് അതിന്‍റെ ക്രെഡിറ്റ് എന്നാണ് ചിലര്‍ പറയുന്നത്. വേറെ ചിലരുടെ അഭിപ്രായം സ്പെയിനാണെന്നാണ്. ഈ തര്‍ക്കത്തിനൊരു തീരുമാനം ഇതുവരെയുണ്ടായിട്ടില്ലെങ്കിലും ബെല്‍ജിയമാണ് ഏറ്റവും കൂടുതല്‍ ഫ്രെഞ്ച് ഫ്രൈസ് അകത്താക്കുന്ന യൂറോപ്യന്‍രാജ്യം. മറ്റൊരു രസകരമായ കാര്യം കൂടി പറയാം. നെതര്‍ലെന്‍ഡ്സിലുണ്ടാക്കുന്ന ഫ്രെഞ്ച് ഫ്രൈസിനാണത്രേ ബെസ്റ്റ് സ്വാദ്!

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...