വയനാട് ജില്ലയിലെ പദ്ധതികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കണം

ജില്ലയിലെ പദ്ധതികളും നിര്‍മ്മാണ പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണം- ജില്ലാ വികസന സമിതി

ജില്ലയിലെ വിവിധ പദ്ധതികളുടേയും നിര്‍മ്മാണ പ്രവൃത്തികളുടേയും നടത്തിപ്പും പുരോഗതിയും വിലയിരുത്തി ജില്ലാ വികസന സമിതി യോഗം.
സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി 100% പൂര്‍ത്തിയാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തേടെ സ്‌കൂളുകളില്‍ നടത്തുന്ന യൂണിഫോം ആധാര്‍ പദ്ധതിയില്‍ എല്ലാവരും പങ്കാളികളാകണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ബത്തേരി ചുങ്കം ജഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കാന്‍ ജംഗ്ഷനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ മുന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡിനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് നിരത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 27.725 കിലോമീറ്റര്‍ ദൂരമുള്ള ഈ പാതയില്‍ ഏകദേശം പത്ത് കിലോമീറ്റര്‍ ദൂരം വനത്തിലൂടെയാണ.് ഏകദേശം 250 കോടി രൂപ നിര്‍മ്മാണച്ചെലവ് കണക്കാക്കുന്ന ഈ പാതക്കായി 2024 ബഡ്ജറ്റില്‍ 20% ബജറ്റ് പ്രൊവിഷനെങ്കിലും വന്നാലേ പ്രവൃത്തിയുമായി മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂ എന്ന് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വന്യജീവികളുടെ പ്രവേശനം തടയാന്‍ വയനാട് വന്യജീവി സങ്കേതത്തിനും ഇതിനോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങള്‍ക്കുമിടയില്‍ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വനം-വന്യജീവി സംരക്ഷണ നിയമത്തില്‍ കാലാനുസൃതമായ ഭേദഗതി വരുത്തുന്ന കാര്യം അടിയന്തരമായി ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി എംപിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് പറഞ്ഞു. വന്‍കിട തോട്ടം ഉടമകളുടെ കൈവശമുള്ള അനധികൃത ഭൂമികള്‍ തിരിച്ചുപിടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാരാപ്പുഴ ജലസേചന പദ്ധതിക്ക് പോകുന്ന അമ്പലവയല്‍ കാരാപ്പുഴ റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും മുള്ളന്‍കൊള്ളി പഞ്ചായത്തിലെ കൊളവല്ലിയില്‍ ടൂറിസം സാധ്യതയുള്ള 33 ഏക്കര്‍ സ്ഥലം ടൂറിസം കേന്ദ്രമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ ഡിഡിസി യോഗ നിര്‍ദ്ദേശപ്രകാരം വന്യജീവി ആക്രമണം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ കൈക്കൊള്ളേണ്ട എസ് ഒ പി ജനപ്രതിനിധികള്‍ക്ക് വിശദീകരിച്ച് നല്‍കുന്നതാണെന്ന്  നോര്‍ത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. തേനീച്ച വന്യജീവി ഗണത്തില്‍പ്പെടുന്നവ അല്ലെങ്കിലും ആക്രമണം ഉണ്ടാകുന്ന സമയങ്ങളില്‍ സാധ്യമായ സഹായങ്ങള്‍ ഫയര്‍ഫോഴ്‌സ് ലഭ്യമാക്കും.

ജില്ലയില്‍ സെന്‍ട്രല്‍ റോഡ് ഫണ്ട് പ്രവൃത്തികള്‍ നടക്കുന്നതിനിടയിലെ ജലജീവന്‍ മിഷന്‍ പൈപ്പിടല്‍ പ്രവര്‍ത്തിയുടെ റീസ്റ്റോറേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിച്ചെന്ന് കേരള വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാക്കവയല്‍ – വാഴവറ്റ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിച്ചതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ രണ്ട് അഡ് ഹോക് ഡോക്ടര്‍മാരെയും എന്‍എച്ച്എം മുഖേന ഒരു ഡോക്ടറെയും നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ വാര്യാട് അടക്കമുള്ള അപകട മേഖലകളില്‍ എസ് വി ഡി എസ് ക്യാമറ സ്ഥാപിക്കുന്നതിന് 1.6 കോടിയുടെ പ്രൊപ്പോസല്‍ അംഗീകരിച്ചതായും മുട്ടില്‍ വാര്യാട് ഭാഗത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി തെര്‍മോ പ്ലാസ്റ്റിക് സ്ട്രിപ്പുകളും റിഫ്‌ലക്റ്റീവ് സ്റ്റഡുകളും സ്ഥാപിക്കാന്‍ 5 ലക്ഷം രൂപ അനുവദിച്ചതായും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

പുല്‍പ്പള്ളി പഞ്ചായത്തില്‍ എഫ് എസ് ടി പി പദ്ധതി നടപ്പിലാക്കുന്ന സ്ഥലത്തേക്കുള്ള വഴി ലഭ്യമാക്കുന്നതിന് പരിവേഷ് പോര്‍ട്ടലില്‍ വഴി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ ഓഫീസര്‍മാര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ കൃഷി ചെയ്യുന്നതും കര്‍ണാടക വഴി ജില്ലയിലേക്ക് കൊണ്ടുവരുന്നതുമായ ഉല്‍പ്പന്നങ്ങള്‍, കര്‍ണാടകയില്‍ പാട്ടകൃഷി ചെയ്യുന്ന വയനാട്ടിലെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ടുവരുന്നതിന് മൂന്ന് വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും അവ കര്‍ഷകര്‍ക്ക് കൈമാറുമെന്നും ക്ഷീരവികസന  ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പുല്‍ കൃഷി ചെയ്യുന്നതിന് സ്ഥലസൗകര്യമുള്ള കര്‍ഷകരുടെ വിവരങ്ങള്‍ നല്‍കുന്നതിനായി ബ്ലോക്ക് തലത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നെല്ലാറച്ചാല്‍ ടൂറിസം വിശ്രമ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍, മീനങ്ങാടി ഐഎച്ച്ആര്‍ഡി കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഇ-ഗ്രാന്‍ഡ് ആനുകൂല്യം, ചെമ്പോത്തറ വിത്തുകാട് പ്രദേശത്ത് കുടിയേറി പാര്‍ക്കുന്ന 110 കുടുംബങ്ങള്‍ക്ക് വീട്ടുനമ്പര്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവയും യോഗം വിലയിരുത്തി. തൊണ്ടര്‍നാട് പഞ്ചായത്തില്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിലേക്ക് പോകുന്ന കാഞ്ഞിരങ്ങാട് ഭാഗത്ത് റോഡ് നന്നാക്കാനുള്ള അനുവാദം എത്രയും വേഗം നല്‍കണമെന്ന് വനം വകുപ്പിനോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപം പദ്ധതിക്ക് വേഗത്തില്‍ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ടൂറിസം ഡിഡിയോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ എല്ലാ ഉദ്യോഗസ്ഥരെയും കലക്ടര്‍ അഭിനന്ദിച്ചു. ജനുവരി 31 ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന എ ഡി എം എന്‍.ഐ ഷാജുവിന് ജില്ലാ വികസന സമിതി യോഗത്തിന്റെ ഉപഹാരം ജില്ലാ കളക്ടര്‍ നല്‍കി. എം.എല്‍.എ ഫണ്ട് വിനിയോഗം, 2023-24 സാമ്പത്തിക വര്‍ഷത്തെ വിവിധ വകുപ്പുകളുടെ സാമ്പത്തിക വിനിയോഗം എന്നിവ വിലയിരുത്തി. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, അഡീഷണല്‍ എസ്പി വിനോദ് പിള്ള, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, എം.പി പ്രതിനിധി കെ.എല്‍ പൗലോസ്, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...