അതിര്‍ത്തി നിര്‍ണയത്തെ ചെറുക്കാന്‍ തമിഴ്‌നാട്ടിലെ ദമ്പതികള്‍ ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സംസ്ഥാനത്തെ കുടുംബാസൂത്രണ നടപടികള്‍ ജനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്‌സഭ മണ്ഡലങ്ങളുടെ അതിര്‍ത്തിനിര്‍ണയ വിഷയം ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് അഞ്ചിന് വിളിച്ച സര്‍വകക്ഷി യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അതിര്‍ത്തി നിര്‍ണയം തമിഴ്‌നാടിന് വെല്ലുവിളിയാകുമെന്ന് പറഞ്ഞ സ്റ്റാലിന്‍ ജനസംഖ്യാ അടിസ്ഥാനമാക്കി അതിര്‍ത്തി നിര്‍ണയം നടപ്പിലാക്കിയാല്‍ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭയില്‍ പ്രാതിനിധ്യം നഷ്ടമാകുമെന്നും പറഞ്ഞു.“നേരത്തെ നമ്മള്‍ പറയാറുണ്ടായിരുന്നു, നിങ്ങളുടെ സമയമെടുത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയാല്‍ മതിയെന്ന്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. കുടുംബാസൂത്രണ നടപടികള്‍ ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍ ഇപ്പോള്‍ ഒരു പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. അതിനാല്‍ ഇനിയും അധികം താമസിപ്പിക്കരുത്. ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുക,” സ്റ്റാലിന്‍ പറഞ്ഞു