സങ്കീർണമായ ഭൂമി പ്രശ്നങ്ങളിൽ പോലും അതിവേഗം തീരുമാനമെടുക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ഭൂമി തരം മാറ്റല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാനന്തവാടി റവന്യു ഡിവിഷണല്‍ ഓഫീസ് റിക്കാര്‍ഡ് റൂമിന്റെ ഉദ്ഘാടനവും പനമരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. സൗജന്യ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെന്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് അദാലത്തുകൾ മുഖേന തീർപ്പാക്കുന്നത്. വയനാട്ടിൽ ഇത്തരത്തിൽ ലഭിച്ച 251 എണ്ണത്തിന്റെ തരം മാറ്റം നടപടി പൂർത്തിയായതായി മന്ത്രി പറഞ്ഞു. അദാലത്തിൽ പുതുതായി ലഭിക്കുന്നവ ഉടൻ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഓൺലൈനായി മാത്രം 3,74218 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1,16,432 എണ്ണം തരം മാറ്റിക്കഴിഞ്ഞു. ശേഷിക്കുന്നവ പരിശോധിച്ചു നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനായി സ്ഥിര ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാർ നടപടിയെടുത്തു. 68 ജൂനിയർ സൂപ്രണ്ടുമാരെയും 181 ക്ലർക്കുമാരെയും തരംമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി നിയമിച്ചു. തരംമാറ്റം പേർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ഭൂമിയുടെ ഫെയർവാല്യു കൂടി പുനർ നിർണ്ണയിച്ച് നൽകുന്നതിനാവശ്യമായ ഭേദഗതി, തരംമാറ്റ പോർട്ടലിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമാകാനാണ് കെഎൽആർ സർട്ടിഫിക്കറ്റ് ഒഴിവാക്കിയത്. അദാലത്തിൽ തീർപ്പാക്കുന്ന തരംമാറ്റ ഉത്തരവുകൾ അന്നുതന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഭൂരഹിതർ ഇല്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യം. കയ്യേറ്റക്കാരോടും കുടിയേറ്റക്കാരോടും ഒരേ നയം അല്ല സർക്കാർ സ്വീകരിക്കുന്നതെന്നും കയ്യേറുന്ന ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതരായവർക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് ഉപകരിക്കുന്ന തരത്തിൽ അതിവേഗം തരം മാറ്റം നടത്തി കൊടുക്കണം. ജില്ലയിലെ കൃഷി ഓഫീസർമാരുടെയും തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരുടെയും യോഗം ഉടൻ വിളിച്ചു ചേർക്കണമെന്ന് മന്ത്രി കലക്ടർക്ക് നിർദ്ദേശം നൽകി. എൽ എൽ എം സി കൂടാത്ത ഇടങ്ങളിൽ എത്രയും പെട്ടെന്ന് അവ കൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. മൂന്ന് താലൂക്കുകളിലെയും തിരഞ്ഞെടുക്കപ്പെട്ട 15 പേർക്ക് തരം മാറ്റൽ ഉത്തരവ് മന്ത്രി കൈമാറി.
ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായിരുന്നു. ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് നേതൃത്വം നല്കിയ സബ് കളക്ടർ മിസാൽ സാഗർ ഭരതിനെയും ഉദ്യോഗസ്ഥരെയും ചടങ്ങിൽ മന്ത്രി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, എടവക പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ജംസീറ ഷിഹാബ്, പനമരം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ.ടി സുബൈർ, ജില്ലാ കലക്ടർ ഡോ. രേണുരാജ്, സബ് കളക്ടർ മിസാൽ സാഗർ ഭരത്, എ.ഡി.എം എൻ.ഐ ഷാജു, ഡെപ്യൂട്ടി കളക്ടർമാരായ കെ അജീഷ്, കെ.കെ ഗോപിനാഥ്, കെ ദേവകി, തഹസിൽദാർമാരായ എം.ജെ അഗസ്റ്റിൻ,ആർ.എസ് സജി, വി.കെ ഷാജി, ഭൂരേഖാ തഹസിൽദാർമാർ ജില്ലാ നിർമ്മിതി കേന്ദ്ര എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സജീത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.