ചൂരൽമല ദുരന്ത പ്രദേശം കേന്ദ്ര പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി പാലത്തിന്റെ നിർമ്മാണ പ്രവൃത്തി സ്ഥലത്ത് എത്തിയ അദ്ദേഹം സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് ഗവ.ഹയർസെക്കൻഡറി സ്കൂളിലെയും സെന്റ് ജോസഫ് യു.പിസ്കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. വിംസ് ഹോസ്പിറ്റലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. കെ.സി വേണുഗോപാൽ എം.പി, എം.എൽ.എമാരായ, ടി.സിദ്ധിഖ്, ഐ.സി ബാലകൃഷ്ണൻ, എ.പി അനിൽ കുമാർ, അഡ്വ. എൻ ഷംസുദ്ധീൻ, പ്രിയങ്കഗാന്ധി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് രണ്ട്) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.