പട്ടയം മിഷൻ യാഥാർത്ഥ്യമാകുന്നതോടെ ഭൂമിയുടെ രേഖയുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് സേവനങ്ങൾ കൂടുതൽ സുതാര്യവും ജനകീയവുമാക്കി മാറ്റാൻ സാധിക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. രായമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടയം മിഷൻ നിലവിൽ വരുന്നതോടെ വില്ലേജ് തല ജനകീയ സമിതി വഴി രാഷ്ട്രീയ പ്രവർത്തകർക്കും എംഎൽഎ അധ്യക്ഷനായ റവന്യൂ അസംബ്ലി വഴി ജനപ്രതിനിധികൾക്കും തങ്ങളുടെ ചുറ്റുവട്ടത്തെ ഭൂരഹിതരെ കണ്ടെത്താനും, ഇവർക്ക് കൊടുക്കാൻ കഴിയുന്ന ഭൂമി കൃത്യമായി കണ്ടെത്തി അറിയിക്കാനും സാധിക്കും. ശേഖരിക്കുന്ന വിവരങ്ങൾ താലൂക്ക് ,ജില്ല ,സംസ്ഥാന തലങ്ങളിൽ ഉള്ള ദൗത്യസംഘം കൃത്യമായി പരിശോധിച്ച് നടപടികൾ സ്വീകരിക്കും. ജില്ലാതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പട്ടയം ഡാഷ്ബോർഡിലേക്ക് എത്തുകയും ഇവിടെ മൂന്നുമാസത്തിലൊരിക്കൽ മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും.
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഡിജിറ്റൽ റീസർവ്വേ നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. നാലുവർഷംകൊണ്ട് നടപടികൾ പൂർത്തിയാകും. രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യൂ വകുപ്പിന്റെ റിലീസ്, സർവ്വേ വകുപ്പിന്റെ ഇ മാപ് തുടങ്ങിയ പോർട്ടലുകൾ സംയോജിപ്പിച്ച് എന്റെ ഭൂമി പോർട്ടൽ വരുന്നതോടെ സേവനങ്ങൾ കൂടുതൽ സുതാര്യമാകും.
വില്ലേജ് ഓഫീസുകൾ മുതൽ ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് വരെയുള്ള റവന്യൂ ഓഫീസുകൾ സമ്പൂർണ്ണ ഡിജിറ്റലൈസാക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതിനൊപ്പം തന്നെ അവിടേക്ക് എത്തുന്ന ജനങ്ങൾക്ക് കൃത്യമായി സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നും മന്ത്രി പറഞ്ഞു.
44 ലക്ഷം രൂപ വകയിരുത്തിയാണ് രായമംഗലം വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 1400 ചതുരശ്രയടി ചുറ്റയളവിൽ നിർമ്മിച്ച ഓഫീസുകളിൽ വില്ലേജ് ഓഫീസറുടെ മുറി, പ്രവർത്തന ഹാൾ, സന്ദർശകർക്കുള്ള മുറി, റെക്കോർഡുകൾ സൂക്ഷിക്കുന്ന മുറി, ശുചിമുറികൾ എന്നി വിശാലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഓഫീസ് പരിസരം പുല്ലുകൾ പിടിപ്പിച്ചു മനോഹരമാക്കുകയും ചെയ്യും. സ്മാർട്ട് ഫർണിച്ചറുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എ കൗശീകൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശാ സി. എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. റ്റി അജിത് കുമാർ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ഷൈനി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, വാർഡ് മെമ്പർ ടിൻസി ബാബു, കുന്നത്തുനാട് താലൂക്ക് തഹസിൽദാർ ജോർജ് ജോസഫ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.