റീപ്പോ നിരക്കിൽ മാറ്റമില്ല, 6.5 % തുടരും, വിവിധ ബാങ്ക് വായ്പ പലിശകളിലും മാറ്റമില്ല.
പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും മികച്ച നിലയിൽ കുറയുന്നതും, സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് ഇത്തവണയും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്.
ഇതോടെ ഭവന, വ്യക്തിഗത, വാഹന വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരും.
എങ്കിലും പണപ്പെരുപ്പ ഭീഷണിയുണ്ടെന്ന് ആർബിഐയുടെ പണനയസമിതിയുടെ യോഗം (എംപിസി) വിലയിരുത്തി.ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനുള്ള കാരണമെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
തുടർച്ചയായി ആറാം തവണയാണ് പലിശനിരക്കുകളിൽ ആർ.ബി.ഐ മാറ്റം വരുത്താത്തത്.
ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അടുത്ത സാമ്പത്തിക വർഷം 4.5 ശതമാനമായിരിക്കുമെന്നും ആർ.ബി.ഐ ഗവർണർ അറിയിച്ചു.
2022 മേയിൽ ആരംഭിച്ച നിരക്ക് വർധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമായത്.
വിവിധ ഘട്ടങ്ങളിലായി നിരക്കിൽ 2.50 ശതമാനമാണ് വർധന വരുത്തിയത്.
പണപ്പെരുപ്പ ക്ഷമതാ പരിധിയായ നാലു ശതമാനത്തിനു താഴെ നിരക്കു കൊണ്ടുവരാനുളള നടപടികളുമായി മുന്നോട്ടുപോകാൻ യോഗത്തിൽ ധാരണയായി.