എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി എറണാകുളം ജില്ല

വിപുലമായ പരിപാടികളോടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി ജില്ല. രാവിലെ 8.30 മുതൽ കാക്കനാട്  കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി. 8.40 ന് പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകൾ ബേസ് ലൈനിൽ അണിനിരന്നു. തുടർന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌, സിറ്റി പോലീസ് കമ്മീഷണർ എ. അക്ബർ എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു. 9ന് മന്ത്രി കെ.രാജൻ ദേശീയ പതാക ഉയർത്തി ജില്ലയുടെ റിപ്പബ്ലിക് ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പരേഡ് കമാൻഡറോടൊപ്പം പരേഡ് പരിശോധിച്ചു.  വിവിധ പ്ലറ്റൂണുകളുടെ മാർച്ച് പാസ്റ്റിൽ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം കൈമാറി.

പരിപാടിയിൽ തോപ്പുംപടി ഒ.എൽ.സി.ജി.എച്ച്.എസ് , ഫോർട്ട് കൊച്ചി ഫാത്തിമ ജി.എച്ച്.എസ്  എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എറണാകുളം മൾട്ടി പർപ്പസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

പരേഡ് കമാൻഡൻ്റ് ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ  സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ സുരേഷിന്റെ നേതൃത്വത്തിലാണ് പരേഡ് നടന്നത്.
സായുധ, നിരായുധ വിഭാഗങ്ങളിലായി 25 പ്ലറ്റൂണുകളും രണ്ട് ബാന്റുകളുമാണ് പരേഡിൽ അണിനിരന്നത്. സായുധ സേന വിഭാഗത്തിൽ  ഡി.എച്ച്.ക്യു ക്യാമ്പ് കൊച്ചി സിറ്റി, എറണാകുളം റൂറൽ പോലീസ്, കൊച്ചി സിറ്റി ലോക്കൽ പോലീസ്, കൊച്ചി സിറ്റി വനിത പോലീസ്, കൊച്ചി റൂറൽ വനിതാ പോലീസ്, കേരള ആംഡ് പോലീസ് ഫസ്റ്റ് ബറ്റാലിയൻ തൃപ്പൂണിത്തുറ, എക്സൈസ്, സി കേഡറ്റ് കോപ്സ്, 21കേരള ബി.എൻ എൻ. സി. സി തുടങ്ങിയ പ്ലറ്റൂണുകളാണ് അണിനിരന്നത്. നിരായുധ വിഭാഗത്തിൽ ഫയർ ആന്റ് റെസ്‌ക്യു, കേരള സിവിൽ ഡിഫൻസ്, ടീം കേരള, സി കേഡറ്റ് കോപ്സ്, കസ്റ്റംസ് കേഡറ്റ് കോപ്സ്, തൃപ്പൂണിത്തുറ ഗവ. ബി.എച്ച്.എസ്.എസ്, തൃപ്പൂണിത്തുറ ഗവ. ജി.എച്ച്. എസ്.എസ്, ചൊവ്വര ജി.എഎച്ച് .എസ്.എസ്, മുപ്പത്തടം ജി.എച്ച്. എസ്.എസ് എന്നിവിടങ്ങളിൽ നിന്നുള്ളു സ്റ്റുഡന്റ് പോലീസ്  പ്ലാറ്റൂണുകൾ അണിനിരന്നു. എറണാകുളം എസ്.ആർ.വി.എച്ച്.എസ്.എസ് സ്കൗട്ട് ടീം, എറണാകുളം സെന്റ് തെരാസസ് സി. ജി.എച്ച്.എസ്.എസ്, എറണാകുളം എസ്.ആർ.വി. എച്ച്.എസ്.എസ്, എറണാകുളം ജോർജിയൻ അക്കാദമി ഇ.എം.എച്ച്.എസ്, ഞാറല്ലൂർ ബദ്‌ലഹേം ദയറ എച്ച്.എസ്.എസ്, എറണാകുളം സെന്റ് ആന്റണീസ് ജി.എച്ച്.എസ്.എസ്, എന്നീ സ്കൂളുകളിലെ ഗൈഡ് ടീം, ഞാറല്ലൂർ ബദ്‌ലഹേം ദയറ എച്ച്.എസ്.എസ് റെഡ് ക്രോസ് ടീം എന്നിവരും പങ്കെടുത്തു. സി കേഡറ്റ് കോപ്സ്, തൃക്കാക്കര സെന്റ്. ജോസഫ് ഇ.എം.എച്ച്.എസ്.എസ്  എന്നിവിടങ്ങളിലെ ബാൻഡ് ടീം എന്നിവരും പരേഡിൽ അണിനിരന്നു.

മികച്ച പ്ലറ്റൂണുകൾ

 സായുധ വിഭാഗത്തിൽ ഡി.എച്ച്.ക്യു ക്യാമ്പ് കൊച്ചി സിറ്റി ഒന്നാം സ്ഥാനവും എക്സൈസ് രണ്ടാം സ്ഥാനവും കേരള ആർമ്ഡ് പോലീസ് ഫസ്റ്റ് ബറ്റാലിയൻ തൃപ്പൂണിത്തുറ മൂന്നാം സ്ഥാനവും നേടി.

 സായുധ പ്ലറ്റൂൺ എൻ.സി.സി, സി കേഡറ്റ് വിഭാഗത്തിൽ 21കേരള ബി.എൻ എൻ. സി. സി  ഒന്നാം സ്ഥാനവും, സീ കേഡറ്റ് കോപ്സ് രണ്ടാം സ്ഥാനവും നേടി.

 നിരായുധ പ്ലറ്റൂൺ ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ടീം കേരള വിഭാഗത്തിൽ ഫയർഫോഴ്സ് ഒന്നാം സ്ഥാനവും, ടീം കേരള രണ്ടാം സ്ഥാനവും നേടി. കസ്റ്റംസ് കേഡറ്റ് സി കേഡറ്റ് കോപ്സ് വിഭാഗത്തിൽ കസ്റ്റംസ് കേഡറ്റ് ഒന്നാം സ്ഥാനവും സി കേഡറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

 മികച്ച സ്റ്റുഡൻസ് പോലീസ് കേഡറ്റ്  പ്ലറ്റൂൺ വിഭാഗത്തിൽ തൃപ്പൂണിത്തുറ ഗവൺമെന്റ് ബോയ്സ് സ്കൂളും , തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് സ്കൂളും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

എറണാകുളം എസ്.ആർ.വി. എച്ച്.എസ്.എസ് സ്കൗട്ട് ടീമിന് പ്രോത്സാഹന സമ്മാനം നൽകി.

ഗൈഡ് വിഭാഗത്തിൽ ഞാറല്ലൂർ ബദ്‌ലഹേം ദയറ എച്.എസ്, എറണാകുളം ജോർജിയൻ അക്കാദമി ഇ.എം.എച്ച്.എസ്, എറണാകുളം സെന്റ് തെരാസസ് സി. ജി.എച്ച്.എസ്.എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

 ബാൻഡ് ടീം വിഭാഗത്തിൽ സീ കേഡറ്റ് കോപ്സ് ഒന്നാം സ്ഥാനവും, തൃക്കാക്കര സെന്റ്. ജോസഫ് ഇ.എം.എച്ച്.എസ്.എസ്  രണ്ടാം സ്ഥാനവും നേടി.

 ദേശഭക്തിഗാനം ആലപിച്ച തോപ്പുംപടി ഒ.എൽ.സി.ജി.എച്ച്.എസ് , ഫോർട്ട് കൊച്ചി ഫാത്തിമ ജി.എച്ച്.എസ് എന്നിവർക്ക് പ്രോത്സാഹനം സമ്മാനം നൽകി.

റിപ്പബ്ലിക് ദിനാഘോഷം: ഭരണഘടന രാഷ്ട്രത്തിന്റെ നട്ടെല്ല്: മന്ത്രി കെ. രാജന്‍

ഇന്ത്യന്‍ ജനാധിപത്യം ഏറ്റവും ശ്രേഷ്ഠമായ നിലയിലേക്ക് ഉയരുന്നത് ഭരണഘടനയുടെ പിന്‍ബലത്തിലാണെന്നും അതുകൊണ്ടാണ് ഭരണഘടനയെ രാഷ്ട്രത്തിന്റെ നട്ടെല്ല് എന്ന് വിളിക്കുന്നതെന്നും മന്ത്രി കെ. രാജന്‍. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന എറണാകുളം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

മതബദ്ധമായ ഒരു രാഷ്ട്രബോധത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയുടെ ഭരണഘടനയുണ്ടാക്കിയത്. രാഷ്ട്രത്തിന് മതമില്ല എന്നും ജനങ്ങള്‍ക്ക് തങ്ങളുടെ മതവും ആചാരാനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും മുറുകെ പിടിച്ചുകൊണ്ട് സ്വാതന്ത്ര്യത്തോടെ ഇവിടെ ജീവിക്കാമെന്നുമാണ് മതനിരപേക്ഷ ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രമൂല്യം. മതബദ്ധമായ ഒരു രാഷ്ട്രത്തിന് യാതൊരുതരത്തിലും വളരാനും വികസിക്കാനും കഴിയുകയില്ല എന്നും അതിവേഗം ആ രാഷ്ടം ഛിന്നഭിന്നമായി പോകും എന്നും കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ള 389 അംഗങ്ങള്‍ മനസിലാക്കിയിരുന്നു. അങ്ങനെയൊരു ദുരന്തം സമീപഭാവിയില്‍ മാത്രമല്ല, വിദൂരഭാവിയില്‍ പോലും ഇന്ത്യയില്‍ സംഭവിക്കരുത് എന്നതായിരുന്നു അവരുടെ നിര്‍ബന്ധം.

ഇന്ത്യയുടെ മതേതര മനസില്‍ വിള്ളലുണ്ടാക്കി മനുഷ്യരെ തമ്മില്‍ വിഭജിച്ച് ഒരു മതരാഷ്ട്രമാക്കി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കി പരിവര്‍ത്തനപ്പെടുത്താനുള്ള നീക്കങ്ങളെ ഉയര്‍ന്ന ജനാധിപത്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. പവിത്രമായ നമ്മുടെ ഭരണഘടനയെ വെല്ലുവിളിക്കാനും, ബഹുസ്വരതയിലും സഹിഷ്ണുതയിലും അടിയുറച്ച പൈതൃകങ്ങളെയും വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളെയും അട്ടിമറിക്കാനും ആരെയും അനുവദിച്ചുകൂടാ. ഇന്ത്യയുടെ ആത്മാവാണ് ശ്രേഷ്ഠമായ ഭരണഘടന. അത് അസ്ഥിരപ്പെട്ടാല്‍ ഇന്ത്യ ഇല്ലാതാകും. വര്‍ഗീയമായ വേര്‍തിരിവുകളല്ല മനുഷ്യനെന്ന ഉയര്‍ന്ന വര്‍ഗബോധമാണ് നമ്മെ നയിക്കേണ്ടത്. വര്‍ഗീയതയ്ക്കുള്ള യഥാര്‍ത്ഥ ചികിത്സ വര്‍ഗഐക്യമാണ്.

രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസവുമാണ് ഭരണഘടന നല്‍കുന്ന നാല് അമുല്യരത്നങ്ങള്‍. ഓഗസ്റ്റ് 15 നും ജനുവരി 26 നും മാത്രം ഓര്‍ക്കേണ്ടതല്ലിത്. നിരന്തരം പഠിക്കുകയും പഠിച്ചവ പുതുക്കുകയും ചെയ്യുക എന്നതാണ് ഓരോ ഇന്ത്യന്‍ പൗരന്റെയും ഉത്തരവാദിത്തം. 1946 ഡിസംബര്‍ 11-ന് ജവഹര്‍ലാല്‍ നെഹ്റു ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവതരിപ്പിച്ച ഒരു ഒബ്ജക്റ്റീവ് പ്രമേയമാണ് പിന്നീട് ഭരണഘടനയുടെ ആമുഖമായി മാറിയത്. ഇന്ത്യ എന്തായിരിക്കണമെന്ന് ഭരണഘടനയുടെ ആമുഖം വ്യക്തമാക്കുന്നു. നമ്മുടെ ജീവശ്വാസമായ ഭരണഘടന, ഇന്ത്യയെ ഒരു പരമാധികാര- സോഷ്യലിസ്റ്റ്- മതനിരപേക്ഷ-ജനാധിപത്യ, റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു. അതിന്റെ പൗരന്മാര്‍ക്ക് തുല്യനീതി, അവസരസമത്വം, സമ്പൂര്‍ണ്ണസ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുന്നു. ഒപ്പം സാഹോദര്യം വളര്‍ത്താനും വൈവിധ്യങ്ങളെ അംഗീകരിക്കാനുമുള്ള ശ്രമങ്ങളും നടത്തുന്നു. അങ്ങനെയാണ് നമ്മുടെ ഇന്ത്യ അവിശ്വസനീയമാംവിധം പ്രഭയുള്ള ഒരു രാഷ്ട്രമായി മാറുന്നത്.

എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ആഗ്രഹിക്കുന്നത് ഏറ്റവും ചുരുങ്ങിയത് മൂന്ന് ഗ്യാരണ്ടികളാണ്.  പിറന്ന മണ്ണില്‍ അന്തസ്സും ആത്മാഭിമാനവുമുള്ള മനുഷ്യരായി ജീവിക്കുന്നതിനുള്ള ഗ്യാരണ്ടി, ഭരണഘടന അന്യൂനം അഭംഗുരം സംരക്ഷിക്കപ്പെടുമെന്ന ഗ്യാരണ്ടി, ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഗ്യാരണ്ടി. ഈ മൂന്ന് ഗ്യാരണ്ടികളെങ്കിലും ലഭ്യമാകുമ്പോഴാണ് ഇന്ത്യയെന്ന സമഗ്രത സാക്ഷാത്കരിക്കപ്പെടുകയുള്ളു. ഈ നാടിന്റെ സ്വാത്രത്ര്യവും പരമാധികാരവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ രക്തംകൊണ്ടും ജീവന്‍കൊണ്ടും സ്വയം സാക്ഷ്യമായി തീര്‍ന്ന മഹാമനുഷ്യരുടെ ആത്മത്യാഗത്തിന്റെ മഹനീയപാഠങ്ങള്‍ ഈ ആഘോഷവേളയില്‍ നാം വീണ്ടും ഓര്‍മ്മിക്കേണ്ടതുണ്ട്. മഹാത്മാഗാന്ധിജി വിഭാവനം ചെയ്ത ക്ഷേമരാഷ്ട്രസങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ നമുക്ക് നമ്മുടേതായ പങ്കുവഹിക്കാനുണ്ട്.

സബ് കാ സാഥ്, സബ് കാ വികാസ് എന്ന ആശയവും വികസിത ഭാരത് എന്ന ആശയവും യഥാര്‍ഥ്യമാകണമെങ്കില്‍ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സമഗ്രവും സമ്പൂര്‍ണ്ണവുമായ വികസനമാതൃക സൃഷ്ടിക്കണം. അതുകൊണ്ടാണ് കേരളം സര്‍വതല സ്പര്‍ശിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസന നയസമീപനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ലോകത്തിന്റെ പ്രശംസ നേടിയ കേരള മോഡല്‍ പുതിയ തലത്തിലേയ്ക്ക് ഉയരുകയാണ്. സാമൂഹ്യനേട്ടങ്ങളില്‍ നിന്ന് പിന്നാക്കം പോകാതെ വ്യവസായ വളര്‍ച്ചയിലും ആധുനിക തൊഴില്‍ മേഖലയിലും കുതിപ്പുണ്ടാക്കുന്ന വിജ്ഞാന സമൂഹസൃഷ്ടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ അധികാരം നാള്‍ക്കുനാള്‍ ചുരുക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഫെഡറലിസം ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും നവലിബറല്‍ നയങ്ങള്‍ക്കൊരു ബദലായിത്തന്നെ കേരളത്തെ നിലനിര്‍ത്തേണ്ടതുണ്ട്.

സ്ഥിതിസമത്വമാണ് ഇന്ത്യ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു അമൂല്യരത്നം. തുല്യനീതിയും അവസരസമത്വവുമാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നതുകൊണ്ട് നാം ആത്യന്തികമായി ലക്ഷ്യമിടുന്നത്. ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെയുള്ള മഹാരഥന്മാര്‍ സ്വീകരിച്ച ആശയമാണത്. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് വീക്ഷണവും മതേതരകാഴ്ചപ്പാടും ദേശകാലങ്ങളെ അതിജീവിക്കുകയും അതിന്റെ പ്രസക്തി ലോകമുള്ള കാലത്തോളം നിലനില്‍ക്കുകയും ചെയ്യും. സോഷ്യലിസവും മതേതരത്വവും ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുന്ന പുതിയകാലത്തിന്റെ ശക്തികളോട് സന്ധിയില്ലാത്ത പോരാട്ടത്തിന് സജ്ജരാകുന്നതിനും ഭരണഘടനയുടെ വെളിച്ചം വീണ്ടെടുക്കുന്നതിനും നെഹ്റുവിന്റെ ആശയങ്ങള്‍ നമുക്ക് മാര്‍ഗദീപമാകണം.

നമ്മുടെ രാഷ്ടത്തിന്റെ രക്താഭമായ വീരചരിത്രത്തെ, പോരാട്ടങ്ങളുടെ നാള്‍വഴികളെ ഓരോന്നോരോന്നായി തിരഞ്ഞുപിടിച്ച് തിരുത്തിയെഴുതാനുള്ള നീചനീക്കങ്ങള്‍ നടന്നുവരുന്ന ഈ കാലഘട്ടത്തില്‍ റിപ്പബ്ലിക് ദിനാചരണത്തിന്റെ ചരിത്രം വിസ്മരിച്ചുകൂടാ. 1929 ഡിസംബര്‍ 29-ന് ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൂര്‍ണസ്വരാജ് അഥവാ സമ്പൂര്‍ണ്ണ സ്വയംഭരണം ഇന്ത്യയുടെ ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയതും അതേതുടര്‍ന്ന് ജനുവരി 26 ഇന്ത്യയൊട്ടാകെ പൂര്‍ണസ്വരാജ് ദിനമായി ആചരിക്കണമെന്നും തീരുമാനിച്ചതും നമുക്ക് മറക്കാനാകില്ല. ആരെങ്കിലും തിരുത്തിയെഴുതാന്‍ പുറപ്പെട്ടാല്‍ ഇല്ലാതാകുന്നതല്ല ബഹുസ്വര ഇന്ത്യയുടെ മഹത്തായ ചരിത്രവും അന്തസ്സാര്‍ന്ന പാരമ്പര്യവും.

രാഷ്ട്രസേവനത്തിനുവേണ്ടി അതിര്‍ത്തികളില്‍ അധ്വാനിക്കുന്ന ജവാന്‍മാര്‍ക്കും അന്നമൂട്ടുന്ന കര്‍ഷകര്‍ക്കും കോടിക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്കും  രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരങ്ങള്‍ നേടിയ മഹത്പ്രതിഭകള്‍ക്കും വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരങ്ങള്‍ നേടിയവര്‍ക്കും ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നേടിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു. ജനാധിപത്യവും മതേരതരത്വവും സോഷ്യലിസവും പുലരുന്ന, എല്ലാവരുടെയും ശബ്ദം കേള്‍ക്കപ്പെടുന്ന, എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന, സഹിഷ്ണുതയും ബഹുസ്വരതയും വൈവിധ്യമാര്‍ന്ന പൈതൃകങ്ങളും ഉള്‍ച്ചേര്‍ന്ന, ജീവസ്സും ചൈതനൃവും നിറഞ്ഞ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് നമുക്ക് അക്ഷീണം യത്നിക്കാം എന്നും മന്ത്രി പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിന്റെ ഭാഗമായി മന്ത്രിയും വിശിഷ്ട വ്യക്തികളും സിവില്‍ സ്റ്റേഷന്‍ വളപ്പിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ഉഷ ബിന്ദുമോള്‍, ബി. അനില്‍ കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍ കുമാര്‍ മോനോന്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...