കോട്ടയം: ജില്ലാതല റിപബ്ലിക് ദിന ചടങ്ങുകളിൽ ശ്രദ്ധാകേന്ദ്രമായി ഭിന്നശേഷിക്കാർക്കായുള്ള വികാസ് വിദ്യാലയ സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഘനൃത്തം. കോട്ടയം മുള്ളൻകുഴി വികാസ് വിദ്യാലയയിലെ മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളും മുതിർന്നവരുമായ ഏഴു വിദ്യാർഥികളാണ് ചടുലമായ നൃത്തം പോലീസ് ഗ്രൗണ്ടിലെ വേദിയിൽ അവതരിപ്പിച്ചത്. സ്‌കൂളിലെ നൃത്താധ്യാപകനായ ജോബിന്റെ കീഴിൽ ഒരുവർഷമായി നൃത്തം അഭ്യസിക്കുന്നവരാണിവർ.
ജോഷി കുരുവിള, ഷെറിൻ ജേക്കബ്, ജീതു ജോർജ്, എൻ. വി ഗോപിക, സെറ ജുവൽ ജോൺ, അനീഷഅനിയൻ കുഞ്ഞ്, ലിറ്റി ജോസഫ് എന്നിവരാണ് സംഘനൃത്തം അവതരിപ്പിച്ചത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ വികാസ് വിദ്യാലയയിലെ അതിഥിയായെത്തിയ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയാണ് ഇവരുടെ പ്രകടനം കണ്ട് റിപബ്ലിക് ദിനത്തിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ചതെന്ന് സ്‌കൂളിന്റെ ഡയറക്ടറായ ഫാ. ക്ലീറ്റസ് ടോം ഇടശേരിൽ പറഞ്ഞു. സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിലടക്കം നൃത്തപരിപാടികൾ അവതരിപ്പിക്കാറുണ്ട് ഇവർ. നൃത്തപരിപാടിക്കുശേഷം സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവനും ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും ഒപ്പം ചിത്രങ്ങൾ കൂടി എടുത്തശേഷമാണ് വികാസ് വിദ്യാലയയിലെ കലാകാരന്മാർ മടങ്ങിയത്.