കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉത്തർപ്രദേശിലെ തൻ്റെ ലോക്‌സഭാ മണ്ഡലമായ അമേഠിയിൽ നാലു ദിവസത്തെ സന്ദർശനം ഇന്ന് ആരംഭിച്ചു. ഇന്നു തന്നെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അമേഠിയിൽ പ്രവേശിക്കുന്നു. രണ്ടു പേരും ഒരുമിച്ച് അമേഠിയിൽ എത്തുന്നു എന്നതാണ് രസകരം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ കോട്ടയായിരുന്ന അമേഠിയിൽ നിന്ന് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി.
2019ൽ സ്ഥാനമൊഴിയുന്നതിന് മുമ്പ് 15 വർഷത്തോളം അമേഠിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിൽ എത്തിയിരുന്നു രാഹുൽ. രണ്ട് വർഷത്തിന് ശേഷമാണ് ഇരു നേതാക്കളും തമ്മിൽ ഒന്നിച്ച് മണ്ഡസത്തിലെത്തുന്നത്. 2022 ഫെബ്രുവരിയിൽ, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക പരിപാടികളിൽ പങ്കെടുക്കാൻ ഇറാനിയും രാഹുലും അമേഠിയിലെത്തിയിരുന്നു. 2022ന് ശേഷം ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും ഒരേ സമയം അമേഠിയിൽ എത്തുന്നത്.
തൻ്റെ നാല് ദിവസത്തെ സന്ദർശന വേളയിൽ, സ്മൃതി നിരവധി ഗ്രാമങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും ഫെബ്രുവരി 22 ന് തൻ്റെ വീട് പാല് കാച്ചുന്ന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും. 2019ലെ തിരഞ്ഞെടുപ്പിന് അവിടെ വീട് നിർമിച്ച് താമസക്കാരിയാകുമെന്ന് സ്മൃതി വോട്ടർമാർക്ക് വാഗ്ദാനം നൽകിയിരുന്നു. അതേസമയം, ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അമേഠിയിൽ എത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. അമേഠിയിൽ രാഹുൽ റോഡ് ഷോയും പൊതുയോഗവും നടത്തും.