കേരള വനിത ശിശു വികസന വകുപ്പ് സംസ്ഥാനത്തെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റ് ‘വര്‍ണ്ണച്ചിറകുകള്‍’ ജനുവരി 26, 27, 28 തീയതികളില്‍ കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നടക്കും. ജനുവരി 26ന് വൈകീട്ട് 4.30ന് രാജഗിരി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും.
ഈ വര്‍ഷം സംസ്ഥാനത്തെ 16 സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് പുറമെ ആതിഥേയ ജില്ലയായ എറണാകുളത്തെ സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഹോമുകളിലെ കുട്ടികളേയും ഉള്‍പ്പെടുത്തി 22 മത്സര ഇനങ്ങളിലായി ആയിരത്തോളം പേരാണ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.
അഞ്ചു വേദികളിലായി മൂന്നുദിവസം നടക്കുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ രാവിലെ 9 മുതല്‍ പരിപാടികള്‍ ആരംഭിക്കും. ഉദ്ഘാടന ചടങ്ങ് 26ന് വൈകിട്ടാണെങ്കിലും രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.
ഹൈബി ഈഡന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍,
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, കളമശ്ശേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സീമ കണ്ണന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ജനുവരി 28ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന ചടങ്ങ് ജില്ലാ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി ചെയര്‍പേഴ്‌സണും ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജുമായ ഹണി എം. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. സിനിമാ താരം ഐശ്വര്യ ലക്ഷ്മി വിശിഷ്ടാതിഥിയാകും.