സംസ്ഥാനത്തെ ആദ്യ കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റിന് അങ്കമാലിയില്‍ തുടക്കമായി

എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ  പ്രീമിയം റസ്റ്ററന്റുകള്‍ സജ്ജമാകും : മന്ത്രി. എം.ബി രാജേഷ്

മേയ് പതിനേഴോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ  റസ്റ്ററന്റുകള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കഫേ കുടുംബശ്രീ പ്രീമിയം ശൃംഖലകളുടെ സംസ്ഥാന തല ഉദ്ഘാടനം അങ്കമാലിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീയുടെ മുഖമുദ്രയായ വിശ്വാസ്യത, കൈപുണ്യം എന്നിവ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയത്തില്‍ നിന്നാണ് കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്റ്  റസ്റ്ററന്റുകളുടെ ആരംഭം. അങ്കമാലിക്ക് ഒപ്പം തന്നെ വയനാട് മേപ്പാടി, ഗുരുവായൂര്‍ എന്നിവിടങ്ങളിലും പ്രീമിയം ബ്രാന്‍ഡ്   റസ്റ്ററന്റുകള്‍ ആരംഭിക്കുകയാണ്. കുടുംബശ്രീയുടെ കൈപുണ്യം ലോകം ആകെ അംഗീകരിച്ച് കഴിഞ്ഞതാണ്. കേരളീയം പോലുള്ള മേളകളില്‍ കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകളിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന് പുറത്തും കുടുംബശ്രീ ഭക്ഷ്യമേളകള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഭാവിയില്‍ ഇതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സരസ്സ്, കേരളീയം തുടങ്ങിയ മേളകളിലൂടെ റെക്കോര്‍ഡ് വില്‍പന കൈവരിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. കുടുംബശ്രീ മേളകളിലൂടെ ഹിറ്റായ വന സുന്ദരി, കൊച്ചി മല്‍ഹാര്‍ തുടങ്ങിയവ പ്രീമിയം  റസ്റ്ററന്റില്‍ ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്‌ക്കരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിങ്ങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍,  അംഗപരിമിതര്‍ക്കുള്ള സൗകര്യങ്ങള്‍,  ശൗചാലയങ്ങള്‍, പാര്‍ക്കിങ്ങ് തുടങ്ങി എല്ലാ മേഖലയിലും മുന്തിയ സൗകര്യങ്ങളോടെയാണ് പ്രീമിയം കഫേകള്‍ സജ്ജമാക്കിയിരിക്കുന്നത്.

2023 കുടുംബശ്രീക്ക് അഭിമാന നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. നാല്പതു ലക്ഷത്തോളം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് ബാക്ക് ടു സ്‌കൂള്‍ എന്ന ഐതിഹാസിക ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ഈ കാലയളവില്‍ നാല് ലോക റെക്കോഡുകള്‍ കരസ്ഥമാക്കി. 2024 ആദ്യമാസവും കുടുംബശ്രീ നേട്ടങ്ങളിലൂടെ മുന്നേറുകയാണ്. വര്‍ക്കലയില്‍ നേച്ചര്‍ ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക് ആരംഭിച്ചു, കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ബ്രാന്റിങ്ങിന് തുടക്കമായി, കഫേ കുടുംബശ്രീ പ്രീമിയം  റസ്റ്ററന്റിനും തുടക്കമായി. സര്‍ഗാത്മകതയിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീ. 25 വര്‍ഷം കൊണ്ട് ലക്ഷ കണക്കിന് സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കെത്തിച്ച് സ്വയം പര്യാപ്തതയിലേക്ക്  നയിക്കാന്‍ കുടുംബശ്രീക്കായി. വാട്ടര്‍ മെട്രോ, മെട്രോ, മാലിന്യ സംസ്‌കരണം അങ്ങനെ എല്ലാ  മേഖലകളിലും പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. വിശ്വാസ്യതയും കൂട്ടായ്മയും മുന്‍ നിര്‍ത്തി സമൂഹത്തിലെ നല്ല മാറ്റങ്ങള്‍ക്കായി കുടുംബശ്രീ മുന്നോട്ടു പോകണമെന്ന് മന്ത്രി പറഞ്ഞു.

പരിപാടിയില്‍ തിരുനെല്ലി കുടുംബശ്രീ  യൂണിറ്റിന്റെ പുതിയ വിഭവമായ ഗന്ധക ചിക്കന്റെ ആദ്യ വിപണനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. മന്ത്രി എം.ബി രാജേഷ് ഗന്ധക ചിക്കന്‍ രുചിച്ചു.

 ചടങ്ങില്‍ അങ്കമാലി നഗരസഭ ചെയര്‍മാന്‍ മാത്യു തോമസ് അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം.പി മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ റീത്താ പോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി പോളി, വാര്‍ഡ് കൗണ്‍സിലര്‍ മാര്‍ട്ടിന്‍ മുണ്ടാടാന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ടി.എം റജീന, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ്. ശ്രീകാന്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലില്ലി ജോണി, ഐഫ്രം സി.ഇ.ഒ കെ.പി അജയകുമാര്‍, അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍മാര്‍,  കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാവില്‍ കൊതിയൂറും വ്യത്യസ്ത രുചികള്‍ അറിയാം കുടുംബശ്രീ കഫേ പ്രീമിയം റസ്റ്ററന്റിലൂടെ

കുടുംബശ്രീ മേളകളിലൂടെ ജനപ്രിയമായ  കുടുംബശ്രീയുടെ തനത് വിഭവങ്ങള്‍ക്കൊപ്പം പ്രാദേശിക ഭഷ്യ വൈവിധ്യങ്ങളുടെയും സ്വാദ് അറിയാം കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റുകളിലൂടെ.  കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലര്‍ത്തിയാണ് കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റ് ജനങ്ങളിലേക്ക് എത്തുന്നത്. അങ്കമാലിയില്‍ ആരംഭിച്ച കേരളത്തിലെ ആദ്യ പ്രീമിയം കുടുംബശ്രീ റസ്റ്ററന്റില്‍ അങ്കമാലിയുടെ തനത് വിഭവങ്ങള്‍ക്കൊപ്പം കുടുംബശ്രീയുടെ മേളകളിലൂടെ ജനപ്രിയമായ വിഭവങ്ങളും ലഭ്യമാകും.

അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്താണ് റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്നത്. സംരംഭകയായ അജിത ഷിജോയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തന സമയം. ഇരുപതോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇവിടെയുള്ളത്.

കുടുംബശ്രീയുടെ ജനപ്രിയമായ വന സുന്ദരി, ഗന്ധക ചിക്കന്‍ എന്നിവയോടൊപ്പം അങ്കമാലിയുടെ പ്രാദേശിക വിഭവങ്ങളായ മാങ്ങാക്കറി, ബീഫും കൂര്‍ക്കയും , പോര്‍ക്കും കൂര്‍ക്കയും തുടങ്ങിയവയും ലഭ്യമാകും. കുടുംബശ്രീയുടെ പുതിയ വിഭവമായ കൊച്ചി മല്‍ഹാര്‍ (കാരച്ചെമ്മീന്‍ (ടൈഗര്‍ പ്രോണ്‍) കൊണ്ടുണ്ടാക്കിയ വിഭവം), ഗന്ധക ചിക്കന്‍, ഫിഷ് തവ ഫ്രൈ, ചിക്കന്‍ വറുത്തരച്ചത് തുടങ്ങിയ വിഭവങ്ങളാണ് ഉദ്ഘാടന ദിവസം വിളമ്പിയത്.

കെട്ടിലും മട്ടിലും പുതുമകളോടെ, ശീതികരിച്ച് മനോഹരമായാണ് റസ്റ്ററന്റ്  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്‌ക്കരണം, പാഴ്സല്‍ സര്‍വീസ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ശുചിമുറി, പാര്‍ക്കിങ്ങ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടെയാണ് പ്രീമിയം കഫേകളില്‍ സജ്ജമായിരിക്കുന്നത്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...