വിദ്യാര്‍ത്ഥികളുടെ പഠനവും പഠനേതര പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സാധിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കരിമ്പ ജി.യു.പി. സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. എല്‍.പി, യു.പി ക്ലാസുകള്‍ വിദ്യാഭ്യാസത്തിന്റെ അടിത്തറയാണ്. ഇവിടെയാണ് കുട്ടികളുടെ ഭാവി നിര്‍ണയിക്കപ്പെടുന്നത്. ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി ഏതെങ്കിലുമൊരു വിഷയത്തില്‍ മോശമാണെങ്കില്‍ അത് മാതാപിതാക്കളെ വ്യക്തിപരമായി അറിയിക്കണം. വിദ്യാര്‍ത്ഥിയും അധ്യാപകരും തമ്മിലുണ്ടാവേണ്ടത് ഒരു രക്ഷിതാവിന്റെ ബന്ധമായിരിക്കണം. രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധം നല്ല രീതിയിലായിരിക്കണം.
കുട്ടികളുടെ അഭിരുചി കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കണമെന്നും വായനയിലേക്ക് കൊണ്ടുപോകാന്‍ പോകത്തക്കവിധത്തില്‍ കുട്ടികളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ നല്ല രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളം ഉന്നതവിദ്യാഭ്യാസ മേഖലയിലും പൊതുവിദ്യാഭ്യാസ മേഖലയിലും മികച്ച നേട്ടങ്ങള്‍ നേടിയതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായ പരിപാടിയില്‍ കരിമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയശ്രീ, മീന്‍വല്ലം ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഓമന രാമചന്ദ്രന്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍ ജാഫര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗിരീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ വിജയന്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.