കടുത്ത വേനൽക്കാലത്ത് തീപിടിത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു.
ജനവാസ – വാണിജ്യ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന തീപിടിത്തം മൂലം ജീവനും സ്വത്തിനും നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതൽ ഉണ്ട്.
വേനൽക്കാലത്ത് മാർക്കറ്റുകൾ, ഗോഡൗൺ കെട്ടിടങ്ങൾ, മാലിന്യ ശേഖരണ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത ഏറെയാണ്. ഇത്തരത്തിൽ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ജില്ലാ ഫയർ & റസ്ക്യൂ വിഭാഗം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശങ്ങൾ നൽകേണ്ടതാണ്.
ജനവാസ മേഖലകളിൽ കാട് പിടിച്ച് കിടക്കുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി ഉണങ്ങിയ പുല്ലുകൾ, അടിക്കാടുകൾ മുതലായവ നിയന്ത്രിതമായി വെട്ടിമാറ്റാനുള്ള നടപടികൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണ്. സ്വകാര്യ പുരയിടങ്ങളിലെ കാടുകൾ വെട്ടിമാറ്റുന്നതിനും മാലിന്യകൂമ്പാരങ്ങൾ വൃത്തിയാക്കുന്നതിനും സ്ഥല ഉടമകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നോട്ടീസ് നൽകേണ്ടതും നിർദേശം നടപ്പിലാക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.
ജില്ലയിലെ റോഡുകളുടെ വശങ്ങളിലെയും മീഡിയനുകളിലെയും ഉണങ്ങിയ പുല്ലുകൾ, കുറ്റിക്കാടുകൾ മുതലായവ നിയന്ത്രിതമായി വെട്ടി മാറ്റാനുള്ള നടപടികൾ അതാത് ഉടമസ്ഥ ഏജൻസികളുടെ / വകുപ്പുകളുടെ ഉത്തരവാദിത്വത്തിൽ സ്വീകരിക്കേണ്ടതാണ്.
കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം, ഫയർ & റസ്ക്യൂ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ എല്ലാ ആശുപത്രികളിലും പ്രധാന ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും ഇലക്ട്രിക് / ഫയർ ഓഡിറ്റ് നടത്തേണ്ടതാണ്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരമുള്ള ശുപാർശകൾ അതാത് ആശുപത്രി ഓഫീസ് / സ്ഥാപന മേധാവികൾ ദുരന്തനിവാരണ നിയമ പ്രകാരം നടപ്പാക്കേണ്ടതാണ്.
ജില്ലയിലെ പോലീസ് വിഭാഗം, അഗ്നി സുരക്ഷാ വകുപ്പ്, ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്, തൊഴിൽ വകുപ്പ് എന്നിവരുടെ സഹായത്തോടെ പടക്ക നിർമ്മാണ / സൂക്ഷിപ്പ് ശാലകൾ, പ്ലൈവുഡ് ഫാക്ടറികൾ, തീപിടിത്ത സാധ്യതയുള്ള മറ്റു വ്യവസായ സ്ഥാപനങ്ങൾ എന്നിവ അടിയന്തരമായി പരിശോധിച്ച് നിയമാനുസൃതമായ അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമായും ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സ്ക്രാപ്പ് മെറ്റീരിയലുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ കൃത്യമായ നിർദേശങ്ങൾ നൽകേണ്ടതാണ്.
പോലീസ്, ആരോഗ്യം, മൃഗസംരക്ഷണം, കൃഷി, വനം – വന്യജീവി, ഫയർ & റസ്ക്യൂ, തദ്ദേശ സ്വയംഭരണം, ജലസേചനം എന്നീ വകുപ്പ് മേധാവികൾ വേനൽക്കാല ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും പ്രതിരോധിക്കുന്നതിനും വേണ്ടി പൊതുജനങ്ങൾക്കിടയിൽ വിപുലമായ ബോധവൽക്കരണ ക്യാംപയിൻ നടത്തേണ്ടതാണ്. ഈ ക്യാംപെയിനിലേക്ക് ഐ.എ. ജി, സാമൂഹിക സന്നദ്ധസേന, ആപ്ത മിത്ര, സിവിൽ ഡിഫൻസ് സേന എന്നിവരെ ഉപയോഗപ്പെടുത്താവുന്നതാണ്.
ഈ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന് താലൂക്ക് തല വികസന സമിതികൾ, വില്ലേജ് തല ജനകീയ സമിതികൾ എന്നിവ മുഖാന്തരം ബന്ധപ്പെട്ട തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ അവലോകനം ചെയ്യേണ്ടതും എന്തെങ്കിലും പോരായ്മകൾ കാണപ്പെടുന്ന പക്ഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തേണ്ടതുമാണ്.