നവം എന്നു പറഞ്ഞാൽ ഒമ്പത് എന്നാണല്ലോ അർത്ഥം. നവഗ്രഹങ്ങൾ എന്നു വച്ചാൽ ഒമ്പതു ഗ്രഹങ്ങൾ എന്നർത്ഥം.
നവഗ്രഹങ്ങളിൽ സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവ ഉൾപ്പെടുന്നു. ഈ ആകാശഗോളങ്ങൾ ഓരോ മനുഷ്യൻ്റെയും ജനനസമയത്തുള്ള ജ്യോതിഷപരമായ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി മനുഷ്യജീവിതത്തിൻ്റെ വിവിധ വശങ്ങളെ നിയന്ത്രിക്കുന്ന കോസ്മിക് ശക്തികളായി കണക്കാക്കപ്പെടുന്നു.
ആകാശഗോളങ്ങൾ എല്ലായ്പ്പോഴും മനുഷ്യരെ ആകർഷിച്ചിട്ടുണ്ട്. ഒമ്പത് ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിനും വലിയ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും മനുഷ്യൻ്റെ നിലനിൽപ്പിൻ്റെ വിവിധ വശങ്ങളെ ബാധിക്കുന്ന പ്രത്യേക ഊർജ്ജങ്ങൾ പുറപ്പെടുവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
നവഗ്രഹങ്ങളിലെ ഓരോ ഗ്രഹത്തിനും ഓരോ പ്രത്യേകതകളുണ്ട്. അവയുടെ നമ്മിലുള്ള സ്വാധീനവും വ്യത്യസ്തമാണ്. മനുഷ്യരിൽ മാത്രമല്ല, ഭൂമിയിലെ സകലതിലും അവയുടെ സ്വാധീനം പ്രകടമാകും എന്നാണ് കരുതപ്പെടുന്നത്. അവയുടെ സ്വാധീനം, സ്വാധീനത്തിൻ്റെ തീവ്രത, നന്മയും തിന്മയും, പോസിറ്റീവും നെഗറ്റീവും ഇവയെ കുറിച്ച് അവഗാഹമായ പാണ്ഡിത്യം ഉണ്ടായാൽ ജ്യോതിഷികൾക്ക് ഗ്രഹപ്രീതിക്കുള്ള പരിഹാര മാർഗ്ഗങ്ങളും പറഞ്ഞു തരാൻ കഴിയും.
സൂര്യൻ: സൂര്യനെ ആണ് നവഗ്രഹത്തിൻ്റെ രാജാവായി കരുതുന്നത്. സൂര്യനെ സൂര്യദേവനായി കണക്കാക്കുന്നു. സൂര്യൻ ശക്തനാണ്. ഇത് ആത്മാവ്, ആത്മവിശ്വാസം, ആത്മാഭിമാനം, ചൈതന്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. അഹംഭാവം, ധൈര്യം, അധികാരം എന്നിവയുടെ പ്രതീകവുമാണ് സൂര്യഗ്രഹം. ജനന ചാർട്ടിലെ അതിൻ്റെ സ്ഥാനം ഒരു വ്യക്തിയിലെ ഈ ഗുണങ്ങളുടെ ശക്തി നിർണ്ണയിക്കുന്നു. നല്ല സ്ഥാനമുള്ള സൂര്യന് നേതൃത്വപരമായ കഴിവുകൾ, വിജയം, അംഗീകാരം എന്നിവ നൽകാൻ കഴിയും.
ഏഴ് കുതിരകൾ ഓടിക്കുന്ന രഥത്തിലാണ് സൂര്യൻ സഞ്ചരിക്കുന്നത്. ഏഴ് കുതിരകൾ ശരീരത്തിലെ ഏഴ് ചക്രങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. സൂര്യൻ പ്രപഞ്ചത്തിൻ്റെ തന്നെ നാഥനാണ്. മനുഷ്യർക്ക് ഭൂമിയിൽ നിന്ന് നേരിട്ട് കാണാൻ കഴിയുന്ന ഒരു ദൈവിക ശക്തിയാണ് സൂര്യൻ എന്നു പറഞ്ഞാൽ അതിൽ ഒരു അതിശയോക്തിയും ഇല്ലെന്ന് പറയാം.
ധാരാളം ആളുകൾ സൂര്യനെ ആരാധിക്കുന്നു. സൂര്യൻ പ്രകാശമാണ്. ഒരു മനുഷ്യൻ്റെ ആത്മാവ് എന്നാണ് ഇത് അറിയപ്പെടുന്നത്. സൂര്യൻ എന്ന ഗ്രഹം ജ്യോതിഷത്തിൽ പിതാവ്, അസ്ഥികൾ, കണ്ണ് കാഴ്ച, ഉപാപചയം, പ്രതിരോധശേഷി, ഹൃദയം എന്നിവയെ പ്രതിനിധീകരിക്കുന്നു.
ഒമ്പത് ഗ്രഹങ്ങളിലും പ്രധാന ഗ്രഹമായി സൂര്യനെ കണക്കാക്കുന്നു. കൈകളിൽ താമര, ശംഖ്, ചക്രം, ഗദ എന്നിവ നാല് കൈകളിൽ പിടിച്ചു കൊണ്ടുള്ള ഒരു ദേവനായും സൂര്യനെ കാണുന്നു.
മുഴുവൻ ജൈവമണ്ഡലവും നിലനിറുത്തുന്നത് സൂര്യനാണെന്നും അത് ഭൂമിയുടെ മുഴുവൻ ജീവനാഡി സംവിധാനത്തിൻ്റെയും പ്രധാന ചാലകശക്തിയാണെന്നും ആധുനിക ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. സൂര്യൻ നല്ല ആരോഗ്യം നൽകുന്നവനാണ് എന്ന് മത്സ്യപുരാണം പറയുന്നു. സൂര്യാരാധനയാണ്, സൂര്യദേവന് പ്രണാമം അർപ്പിക്കുന്ന രീതിയാണ് സൂര്യ നമസ്കാരം.
മനുഷ്യനുൾപ്പെടെ എല്ലാ സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് ഉദയസൂര്യൻ്റെ കിരണങ്ങൾ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെട്ടിരുന്നു. രോഗമുണ്ടാക്കുന്ന ഘടകങ്ങളെ നശിപ്പിക്കാനും നല്ല ആരോഗ്യം നൽകാനും സൂര്യകിരങ്ങൾക്ക് കഴിവുണ്ട്. ഋഗ്വേദം പറയുന്നത് ഉദയസൂര്യൻ്റെ കിരണങ്ങൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, വിളർച്ച മുതലായവ സുഖപ്പെടുത്താൻ കഴിയും എന്നാണ്. അഥർവവേദത്തിൽ പറയുന്നു, സൂര്യന് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും അനീമിയ ബാധിച്ച രോഗികൾക്കും അതുല്യമായ രോഗശാന്തി ഗുണങ്ങളുണ്ടെന്ന്. സൂര്യോദയസമയത്ത് കിഴക്കോട്ട് അഭിമുഖമായി ഉദിക്കുന്ന സൂര്യനെ ആരാധിക്കാൻ വേദങ്ങൾ നിർദ്ദേശിക്കുന്നതിൻ്റെ കാരണം ഇതാണ്. സൂര്യൻ്റെ കിരണങ്ങൾ നെഞ്ചിൽ നേരിട്ട് പതിക്കുന്നത് നല്ല ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. പ്രഭാത സൂര്യൻ്റെ കിരണങ്ങൾ ദിവസത്തിലെ മറ്റേതൊരു സമയത്തേയും അതിൻ്റെ കിരണങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രയോജനകരമാണ്.