പുറത്തു നിന്ന് ഒരാളുടെ അണ്ഡമോ ബീജമോ സ്വീകരിക്കുന്നതിൽ വിലക്കില്ല; നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ.
വാടക ഗർഭധാരണത്തിന്റെ വിലക്കുകളിൽ കേന്ദ്ര സര്ക്കാര് മാറ്റം വരുത്തി. ദാതാവ് വഴി അണ്ഡവും ബീജവും സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയിൽ ആണ് മാറ്റം വരുത്തിയത്. കഴിഞ്ഞ മാർച്ചിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിബന്ധനകൾ കൊണ്ടുവന്നത്. ഇതിലാണ് ഭേദഗതി വരുത്തിയത്.
വാടക ഗർഭധാരണം പ്രയോജനപ്പെടുത്തുന്ന ദമ്പതികൾക്ക് പുറത്തു നിന്ന് ഒരാളുടെ അണ്ഡമോ ബീജമോ സ്വീകരിക്കുന്നത് വിലക്കിയ നടപടിയിലാണ് പുനഃപരിശോധന.
ദമ്പതികളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയാൽ പുറത്ത് നിന്ന് അണ്ഡമോ അല്ലെങ്കിൽ ബീജമോ സ്വീകരിക്കാമെന്നാണ് പുതിയ വ്യവസ്ഥ.
പുറത്ത് നിന്ന് ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം സ്വീകരിക്കാനാണ് അനുമതി.
പുറത്ത് നിന്ന് ഇവ സ്വീകരിക്കാനാകില്ലെന്ന വ്യവസ്ഥ ചോദ്യം ചെയ്തത് നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ എത്തിയത്. വ്യവസ്ഥയിൽ പുനഃപരിശോധന സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു.
നിയമത്തിൽ ഭേദഗതി വരുത്തിയ വിഷയം കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചു.
കേസ് ഏപ്രിൽ 15ന് വീണ്ടും പരിഗണിക്കും.