1111 വനിതകള്‍ അണിനിരക്കുന്ന ‘സ്വരം 2K24 പാട്ടുത്സവം” മെഗാ സിംഗിങ് മാരത്തോണ്‍ നാളെ.
പരിപാടി രാവിലെ 9 മുതല്‍ രാത്രി 8 വരെ
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ 1111 വനിതകളെ അണിനിരത്തി സ്വരം 2K24 പാട്ടുത്സവം മെഗാ സിംഗിങ് മാരത്തോണ്‍ സംഘടിപ്പിക്കുന്നു. പാലക്കാട് ജോബീസ് മാളില്‍ നാളെ (ഫെബ്രുവരി രണ്ട്) രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെയാണ് പരിപാടി. തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിനിന്റെ സമാപന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചാണ് 10 മണിക്കൂര്‍ തുടര്‍ച്ചയായി മലയാള ഗാനങ്ങള്‍ പാടുന്ന മെഗാ സിംഗിങ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ത്രിതല സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയകാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പാക്കിയ തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിന്‍ ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
മെഗാ സിംഗിങ് മാരത്തോണ്‍ എന്ന ഇനത്തിലും ഏറ്റവും കൂടുതല്‍ പേര്‍ പരമ്പരാഗാത ഗാനങ്ങള്‍ ആലപിച്ച ഇനത്തിലും ലോക റെക്കോര്‍ഡ് ലഭിക്കാന്‍ സാധ്യതയുള്ള പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ത്രിതല പഞ്ചായത്ത്-നഗരസഭ മേധാവികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കലാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവര്‍, ജില്ലയിലെ 97 സി.ഡി.എസുകളിലെയും അംഗങ്ങള്‍, പൊതുജനങ്ങള്‍ പങ്കെടുക്കും.