വഴിയാത്രക്കാർക്ക് ആശ്വാസമാവുകയാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചെമ്പറക്കിയിലെ ടേക്ക് എ ബ്രേക്ക് സമുച്ചയം. യാത്രാ മദ്ധ്യേ വിശ്രമിക്കുന്നതിനും ലഘുഭക്ഷണം കഴിക്കുന്നതിനുമായി ദിവസേന നിരവധിപേരാണ് ഈ കേന്ദ്രത്തിലെ സേവനം പ്രയോജനപ്പെടുത്തുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 41.5 ലക്ഷം രൂപ ചെലവിലാണ് ടേക്ക് എ ബ്രേക്ക് സമുച്ചയം ആരംഭിച്ചത്. ഭിന്നശേഷി സൗഹൃദ ശുചിമുറി, ഫീഡിംഗ് റൂം, സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ, കഫറ്റേരിയ, ഓപ്പൺ ഡൈനിങ് ഹാൾ, മൊബൈൽ ബാറ്ററി റീചാർജ് പോയിന്റ്, പാർക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായാണ് ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ടേക്ക് എ ബ്രേക്ക് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ദേശീയ-സംസ്ഥാന പാതയോരങ്ങൾ, ബസ് സ്റ്റേഷനുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയ സ്ഥലങ്ങളിൽ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതു സമയത്തും വിശ്രമിക്കാനുള്ള സൗകര്യവും വൃത്തിയും സുരക്ഷിതവുമായ ശുചിമുറികളും കോഫി ഷോപ്പുകളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
ടേക്ക് എ ബ്രേക്ക് സമുച്ചയത്തിലെ ശുചിമുറികളിൽ സാനിട്ടറി നാപ്കിന്‍ ഡിസ്ട്രോയര്‍, അജൈവ മാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനാശിനി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകർക്കാണ് നടത്തിപ്പ് ചുമതല. വൈകാതെ ഓപ്പൺ ജിംനേഷ്യം, കുട്ടികൾക്കു കളിക്കാനുള്ള സ്ഥലം, മിനി മാസ്റ്റ് ലൈറ്റ്, സിസിടിവി എന്നി സൗകര്യങ്ങൾ കൂടി ടേക്ക് എ ബ്രേക്ക് സമുച്ചയത്തിൽ ഏർപ്പെടുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി പറഞ്ഞു.