പ്രയാഗ രാജ് റോട്ടറി ക്ലബും റെഡ് ബെല്‍റ്റ് അക്കാദമിയും ചേർന്ന് അലാഹബാദ് പ്രയാഗ രാജിലെ ജോർജ് ടൗണിൽ മൂകരും ബധിരരുമായ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരു സെൽഫ് ഡിഫൻസ് ക്യാമ്പ് നടത്തുന്നു. ക്യാമ്പ് ഒരു വർഷം നീണ്ടുനിൽക്കും. ക്യാമ്പിൽ ഇവിടത്തെ കുട്ടികളെ ജൂഡോയും കരാട്ടെയും പഠിപ്പിക്കും.
റെഡ് ബെൽറ്റ് അക്കാദമിയാണ് ജൂഡോയും കരാട്ടെയും പഠിപ്പിക്കുന്ന ചുമതല ഏറ്റെടുത്തിരിക്കുന്നത്. അക്കാദമിയിലെ സ്മൃതി ഷാങ്ഗ്ലൂ ആണ് പഠിപ്പിക്കുന്ന ടീച്ചർ. കുട്ടികളെ സ്വയം പ്രതിരോധം പഠിപ്പിക്കുക മാത്രമല്ല എന്താണ് ഗുഡ് ടച്ച് എന്താണ് ബാഡ് ടച്ച് എന്നതും പഠിപ്പിക്കും. ശരീരത്തിലെ ഏത് ഭാഗമാണ് മറ്റൊരാൾ തൊട്ടാൽ അയാളെ സൂക്ഷിക്കേണ്ടത് എന്നൊക്കെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കും. ആഴ്ചയിലൊരിക്കലാണ് ഈ ക്ലാസുകൾ നടത്തുന്നത്.
ക്യാമ്പിലൂടെ കുട്ടികൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് സ്മൃതി പറഞ്ഞു. “ഈ ക്യാമ്പിന്റെ ഉദ്ദേശം തന്നെ ഇവിടുത്തെ പെൺകുട്ടികളെ ആത്മവിശ്വാസം ഉള്ളവരാക്കി മാറ്റുക എന്നതാണ്. പലപ്പോഴും പെൺകുട്ടികൾ ചില സാഹചര്യങ്ങളിൽ നിസ്സഹായരായി മാറുന്നുണ്ട്. പെൺകുട്ടികളുടെ ഉള്ളിലെ പേടി മാറ്റേണ്ടതുണ്ട്. അവർ തല ഉയർത്തി തന്നെ സമൂഹത്തിൽ നടക്കണം. ഈ കുട്ടികൾക്ക് ശബ്ദിക്കാനും കേൾക്കാനും ഉള്ള ശക്തി ദൈവം കൊടുത്തിട്ടില്ലായിരിക്കാം. അവരുടെ മനസ്സിൽ അതിനുള്ള ശക്തി ഉണ്ടാകണം. അപകടകരമായ സാഹചര്യങ്ങളിൽ ഈ ശക്തി അവർ പുറത്തെടുത്ത് സ്വയം പ്രതിരോധിക്കണം. കുട്ടികളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്നതിന് കുറച്ച് അധികം സമയം വേണ്ടി വരും. അതുകൊണ്ടാണ് ഈ ക്യാമ്പ് ഒരു വർഷത്തേക്ക് നീട്ടുന്നത്.”
കുട്ടികൾക്ക് ജൂഡോയും കരാട്ടേയും പഠിക്കാൻ നല്ല ഉത്സാഹം ഉണ്ട്. സ്കൂൾ അധികൃതരും ക്യാമ്പിനോട് നല്ല സഹകരണം പുലർത്തുന്നു.