ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് വിടപറഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു

പ്രണയത്തിന്റെ മഞ്ഞപ്പൂക്കളില്‍ അമര്‍ത്തിച്ചവിട്ടി പേരയ്ക്കാമണത്തിന്റെ ഏകാന്തത ആവോളം ശ്വസിച്ച് മരണത്തിന്റെ വന്‍കരയിലേക്ക് നടന്നുപോയ മലയാളിയുടെ പ്രിയപ്പെട്ട ഗാബോ – ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് വിടപറഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു.

1927 മാര്‍ച്ച് ആറിനാണ് കൊളമ്പിയയിലെ അരാകറ്റാക്കയില്‍ ഗബ്രിയേല്‍ എലിഗിനോ ഗാര്‍സ്യായുടെയും ലൂസിയ സാന്റിഗാ മാര്‍ക്വേസിന്റേയും മകനായാണ് ആരാധകര്‍ ‘ഗാബോ’ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് ജനിച്ചത്. കൊളംബിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമം പഠിച്ചു. പഠന കാലത്തു തന്നെ മാധ്യമ പ്രവര്‍ത്തകനായി ജോലി നോക്കിയിരുന്നു.

മാജിക്കല്‍ റിയലിസത്തിലൂടെ വായനക്കാരെ ഭ്രമാത്മകമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയ ഗാബോയ്ക്ക് ലോകത്തിന്റെ വിവിധ കോണുകളിലായി കോടിക്കണക്കിനു ആരാധകരാണ് ഉള്ളത്. 1976-ല്‍ എഴുതിയ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ എന്ന കൃതിയിലൂടെ അദ്ദേഹം ലോക സാഹിത്യത്തില്‍ തന്റെ സിംഹാസനം തീര്‍ത്തു. മലയാളം ഉള്‍പ്പെടെ 25 ലോക ഭാഷകളിലായി 30 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. 1982-ല്‍ ഈ പുസ്തകത്തിനു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. കോളറക്കാലത്തെ പ്രണയം എന്ന പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം, വര്‍ഗ്ഗത്തലവന്റെ ശിശിരം തുടങ്ങിയ കൃതികളും ധാരാളം വിറ്റഴിക്കപ്പെട്ടു. സ്പാനിഷ് ഭാഷയില്‍ ബൈബിളിനേക്കാള്‍ കൂടുതല്‍ ഇദ്ദേഹത്തിന്റെ പല പുസ്തകങ്ങളും വിറ്റഴിഞ്ഞിട്ടുണ്ട്.

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്ക്(One Hundred Years of Solitude)1982ല്‍ നോബല്‍ സമ്മാനം കിട്ടും മുമ്പേ മാര്‍ക്വേസ് ലോക സാഹിത്യത്തിലെ നക്ഷത്രമായിരുന്നു. മാജിക്കല്‍ റിയലിസം എന്ന പ്രസ്ഥാനത്തിന് പടര്‍ന്ന് പന്തലിക്കാന്‍ ഇടവും തടവും ഒരുക്കിയത് 37 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ മാര്‍ക്വേസിന്റെ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ തന്നെ. എന്നാലും മനുഷ്യന്‍ എന്ന പ്രഹേളികയുടെ അര്‍ത്ഥവും അനര്‍ത്ഥവും കുരുങ്ങിക്കിടക്കുന്ന ജീവിതസമസ്യകളെ പൂരിപ്പിക്കാന്‍ ശ്രമിക്കുന്ന ‘കുലപതിയുടെ ശിശിരം’ (An Autumn of the Patriarch ) ആയിരുന്നു മാര്‍ക്വേസിന്റെ ഇഷ്ടകൃതി.

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നതിനോടൊപ്പം ഇടതു പക്ഷ രാഷ്ടീയത്തിന്റെ വക്താവ് കൂടെ ആയിരുന്നു മാര്‍ക്വേസ്. ലാറ്റിനമേരിക്കയിലെ മൂന്നാം ലോക ജനതയ്ക്ക് വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. ഇവരോടുള്ള അമേരിക്കന്‍ നിലപാടുകളെ എതിര്‍ത്ത മാര്‍ക്വേസിന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വര്‍ഷങ്ങളോളം വിസ നിഷേധിക്കുകയുണ്ടായി. ക്യൂബന്‍ പ്രസിഡണ്ടായിരുന്ന ഫിദല്‍ കാസ്ട്രോയുമായി വളരെ അടുത്ത സൌഹൃദമാണ് മാര്‍ക്വേസിനുണ്ടായിരുന്നത്.

2002-ലാണ് ‘ലിവിങ് ടു ടെല്‍ ദ ടെയില്‍‘ എന്ന പേരില്‍ മാര്‍ക്വേസ് തന്റെ ആത്മ കഥയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചത്. രണ്ടാം ഭാഗം പ്രസിദ്ധീകരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അസുഖം മൂലം അത് ഉപേക്ഷിച്ചു. ഏറെ വര്‍ഷങ്ങളായി അര്‍ബുദവും അൽഷിമേഴ്സും അദ്ദേഹത്തെ അലട്ടിയിരുന്നു 2014 ഏപ്രില്‍ 17 ന് പ്രിയപ്പെട്ട ഗാബേ ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യ മെഴ്സിഡസും റോഡ്രിഗോയും ഗോണ്‍സാലോസും മരണ സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. .

മലയാളി വായനക്കാര്‍ക്ക് എന്നും പ്രിയങ്കരനാണ് ഗാബോ. ഓ. വി. വിജയന്റേയും, വൈക്കം മുഹമ്മദ് ബഷീറിന്റേയും, എം.ടിയുടേയും കൃതികള്‍ക്ക് നല്‍കിയ അതേ പ്രാധാന്യം ഇദ്ദേഹത്തിന്റെ കൃതികള്‍ക്കും നമ്മള്‍ നല്‍കിയതും അത് കൊണ്ടാണ്.അതിനാല്‍ തന്നെ ഗാബോയുടെ ഓര്‍മ്മകളും എഴുത്തും ലോകമെമ്പാടുമുള്ള ആരാധകരെപ്പോലെ മലയാളി വായനാ സമൂഹം നെഞ്ചില്‍ സൂക്ഷിക്കും.

എഴുത്ത്- ജ്യോതിഷ് ജോസ്

Leave a Reply

spot_img

Related articles

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...