-റ്റി. എസ്. രാജശ്രീ
കൊച്ചുകുട്ടികള്‍ പെന്‍സില്‍ ഉപയോഗിച്ചാണ് എഴുതാന്‍ പഠിക്കുന്നത്. അക്ഷരം നന്നാകണമെങ്കില്‍ ആദ്യം പെന്‍സില്‍ കൊണ്ട് എഴുതിപ്പഠിക്കണമെന്നാണ് മുതിര്‍ന്നവര്‍ പറയുക. പെന്‍സിലിനുമുണ്ടൊരു കഥ. ആ കഥ ഇവിടെ വായിച്ചോളൂ.
1565-ാം ആണ്ടിലാണെന്നു പറയാം. അന്നാണ് ഇംഗ്ലണ്ടിലെ കമ്പര്‍ലാന്‍ഡ് കുന്നുകളിലെ ബോറോഡെയ്ലില്‍ ചാരവും കറുത്തതും കലര്‍ന്ന നിറത്തിലുള്ള ഒരു നിക്ഷേപം കണ്ടെത്തിയത്. ഇത് ഗ്രാഫൈറ്റ് ആയിരുന്നു. പക്ഷെ നല്ല മയമുള്ളതും തൊട്ടാല്‍ കൈയില്‍ വേഗം ഒട്ടിപ്പിടിക്കുന്നതുമായ ഈ പദാര്‍ത്ഥത്തെ ആളുകള്‍ ലെഡ് എന്നാണ് വിളിച്ചത്. കാര്‍ബണിന്‍റെ രൂപാന്തരമായ ഗ്രാഫൈറ്റ് ആണിതെന്ന് അന്നാര്‍ക്കും മനസ്സിലായില്ല.
ഈ വസ്തു ഉപയോഗിച്ച് ആടുകളുടെ പുറത്ത് അടയാളമുണ്ടാക്കാമെന്നും അങ്ങനെ ആടുകള്‍ മാറിപ്പോകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും ഇടയന്മാര്‍ കരുതി. വളരെ പരിശുദ്ധമായ ഈ നിക്ഷേപത്തെ ചെറിയ കറുത്ത വടികളാക്കി മാറ്റാമെന്ന് ആളുകള്‍ കണ്ടെത്തി.
ഈ വസ്തുവിന് പല ഉപയോഗവുമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ നിക്ഷേപം വളരെ അമൂല്യമായി മാറി. ഖനിക്ക് കാവല്‍ക്കാരെ നിയമിച്ചു. ആരും ഗ്രാഫൈറ്റ് മോഷ്ടിച്ചുകൊണ്ടുപാകാതിരിക്കാന്‍ ഭരണാധികാരികള്‍ നിയമങ്ങളുണ്ടാക്കി. വേണ്ടത്ര ഗ്രാഫൈറ്റ് ഖനനം ചെയ്തശേഷം ആരും മോഷ്ടിക്കാതിരിക്കാന്‍ വേണ്ടി ഖനിയില്‍ വെള്ളം നിറച്ചു.
ഗ്രാഫൈറ്റ് വടികള്‍ ഉപയോഗിച്ചുതുടങ്ങിയപ്പോള്‍ അവ വേഗം പൊട്ടാന്‍ തുടങ്ങി. ഇതിനു പരിഹാരമായി ഈ വടികളെ തടികള്‍ കൊണ്ട് പൊതിയാന്‍ ആരംഭിച്ചു. അതായത് തടികളില്‍ മധ്യത്തില്‍ ദ്വാരമിട്ടശേഷം നീണ്ടവടികള്‍ ഇതിനുള്ളിലാക്കി ഉറപ്പിച്ചു. ഇതായിരുന്നു ഇന്നത്തെ രൂപത്തിലുള്ള ആദ്യത്തെ പെന്‍സില്‍. ഗ്രാഫൈറ്റ് ആണ് ഉള്ളിലെങ്കിലും അതിനെ ആളുകള്‍ ലെഡ് എന്ന് തെറ്റിദ്ധരിച്ചതുകൊണ്ട് ഇന്നും പെന്‍സിലിന് ലെഡ് പെന്‍സില്‍ എന്ന പേര് നിലനില്‍ക്കുന്നുണ്ട്.
പേരു വന്ന വഴി
ചെറിയ പെയിന്‍റ്ബ്രഷ് എന്നര്‍ത്ഥമുള്ള പിന്‍സെല്‍ എന്ന ഫ്രഞ്ച് വാക്കില്‍നിന്നോ ചെറിയ വാല്‍ എന്നര്‍ത്ഥമുള്ള പെനിസില്ലെസ് എന്ന ലാറ്റിന്‍ വാക്കില്‍ നിന്നോ ആയിരിക്കാം പെന്‍സില്‍ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതുന്നു.
വലിയ പെന്‍സില്‍
ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതിലും വെച്ച് ഏറ്റവും വലിയ പെന്‍സില്‍ ആഷ്രിതഫര്‍മാന്‍ എന്ന വിദ്യാര്‍ത്ഥി തന്‍റെ ടീച്ചര്‍ക്ക് പിറന്നാള്‍സമ്മാനം കൊടുക്കാന്‍ നിര്‍മ്മിച്ചതാണ്. ഇതിന് 23 മീറ്റര്‍ നീളവും 8200 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. 2007-ലായിരുന്നു ഇത് നിര്‍മ്മിച്ചത്.
സാധാരണ പെന്‍സില്‍ നിര്‍മ്മാണം
ആദ്യം തന്നെ ഗ്രാഫെറ്റിനെ നന്നായി പൊടിക്കുന്നു. യന്ത്രത്തിലിട്ട് പൊടിച്ച് നല്ല പൗഡറാക്കുന്നു. എന്നിട്ട് അല്‍പ്പം വെള്ളം ചേര്‍ത്ത് ദ്രവരൂപത്തിലാക്കുന്നു. ഇതില്‍ കുറച്ച് കളിമണ്ണും ചേര്‍ക്കുന്നു. കളിമണ്ണ് ചേര്‍ക്കുന്തോറും ഗ്രാഫൈറ്റ് ഉറപ്പുള്ളതാകും. കളിമണ്ണ് ചേര്‍ത്ത ഈ മിശ്രിതം യന്ത്രത്തിലിട്ട് അരച്ച് കട്ടിയുള്ള മാവാക്കി മാറ്റുന്നു. ഈ മാവിനെ പെന്‍സിലിന്‍റെ കനത്തിലുള്ള കുഴലിലൂടെ കടത്തിവിടുന്നു. പെന്‍സിലിന് അനുയോജ്യമായ നീളത്തില്‍ മുറിക്കുന്നു. ഈ വടികള്‍ നല്ലതുപോലെ ചൂടാക്കി അതിലെ വെള്ളം ആവിയാക്കി കളയുന്നു. തടി കൊണ്ടുള്ള കൂടിനകത്താക്കാന്‍ ഗ്രാഫൈറ്റ് വടികള്‍ തയ്യാറായിക്കഴിഞ്ഞു.
പല തരത്തിലുള്ള പെന്‍സിലുകള്‍
ഗ്രാഫൈറ്റ് പെന്‍സില്‍
ഇന്ന് നാം എഴുതാനുപയോഗിക്കുന്ന സാധാരണ പെന്‍സിലുകളാണിവ. ഇവ പല നിറങ്ങളിലുണ്ട്.
സോളിഡ് ഗ്രാഫൈറ്റ് പെന്‍സില്‍
ഇത് തടി കൊണ്ട് പൊതിയാത്ത കട്ടയായ ഗ്രാഫൈറ്റ് പെന്‍സില്‍ വടികളാണ്. തടി കൊണ്ടു പൊതിഞ്ഞ പെന്‍സിലിന്‍റെ മൊത്തം കനം ഇതിനുണ്ടാകും.
മരക്കരി പെന്‍സില്‍
കരി കൊണ്ടുണ്ടാക്കുന്ന പെന്‍സിലുകളാണിവ. ഇതിന് കറുപ്പുനിറം കൂടും.
കാര്‍ബണ്‍ പെന്‍സില്‍
കളിമണ്ണും ഗ്രാഫൈറ്റും കരിയും എല്ലാം ചേര്‍ത്തുകുഴച്ചുണ്ടാക്കുന്ന പെന്‍സില്‍.
ക്രയോണ്‍ പെന്‍സില്‍
മെഴുകു പോലെയുള്ള പല നിറങ്ങളിലുള്ള പെന്‍സിലുകള്‍.
ഗ്രീസ് പെന്‍സില്‍
ഗ്ലാസിലും പ്ലാസ്റ്റിക്കിലും മെറ്റലിലും എഴുതാന്‍ പറ്റുന്ന പെന്‍സിലുകള്‍.
പെന്‍സിലിലെ എച്ചും ബിയും
പെന്‍സിലുകളില്‍ എച്ച്ബി എന്നെഴുതിയിരിക്കുന്നത് കൂട്ടുകാര്‍ കണ്ടിട്ടുണ്ടാകും. എച്ച് എന്നത് ഹാര്‍ഡ്നെസ് അഥവാ കനത്തെയും ബി എന്നത് ബ്ലാക്ക്നെസ് അഥവാ കറുപ്പുനിറത്തെയുമാണ് സൂചിപ്പിക്കുന്നത്. കനം കൂടുതലാകുമ്പോള്‍ എച്ച്എച്ച്, എച്ച്എച്ച്എച്ച് എന്നും മൃദുത്വം കൂടുമ്പോള്‍ പെന്‍സിലില്‍ ബിബി, ബിബിബി എന്നും രേഖപ്പെടുത്തും.
പെന്‍സിലിന്‍റെ വിശേഷങ്ങള്‍
ഒരു സാധാരണ പെന്‍സില്‍ ഉപയോഗിച്ച് വരയ്ക്കാവുന്ന ദൂരമെത്രയാമെന്നറിയോമോ? 35 മൈല്‍. ഒരു പെന്‍സില്‍ കൊണ്ട് ഏകദേശം 45,000 വാക്കുകളെഴുതാം.
ഏകദേശം 17 പ്രാവശ്യം ഒരു പെന്‍സിലിനെ ഷാര്‍പ്നര്‍ ഉപയോഗിച്ച് ഷാര്‍പ്പന്‍ ചെയ്യാം. ഷഡ്ഭുജാകൃതിയുള്ള സാധാരണ പെന്‍സിലിന്‍റെ നീളം ഏകദേശം 19 സെന്‍റീമീറ്റര്‍.
തോമസ് ആല്‍വാ എഡിസണിനെ അറിയാമല്ലോ? വൈദ്യുതബള്‍ബ് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍. ഇദ്ദേഹത്തിന് എഴുതാന്‍ ഈഗിള്‍ കമ്പനിയാണ് പ്രത്യേക പെന്‍സിലുകള്‍ നിര്‍മ്മിച്ചുനല്‍കിയിരുന്നത്. മൂന്നിഞ്ച് കനമുണ്ടായിരുന്ന പെന്‍സിലിലെ ഗ്രാഫൈറ്റ് വളരെ മൃദുലമായിരുന്നു.
പെന്‍സില്‍ ഉപയോഗിക്കുന്നത് കേവലം സ്കൂള്‍കുട്ടികള്‍ മാത്രമല്ല. കൊച്ചുകുട്ടികള്‍ ഹോംവര്‍ക്ക് ചെയ്യാന്‍ പെന്‍സില്‍ ഉപയോഗിക്കുമ്പോള്‍ ഒരു ചിത്രകാരന് ചിത്രങ്ങള്‍ വരയ്ക്കാനും ആശാരിക്ക് തടിയില്‍ അടയാളപ്പെടുത്താനും ആര്‍ക്കിട്ടെക്റ്റിന് ബ്ലൂപ്രിന്‍റ് വരയ്ക്കാനും പെന്‍സില്‍ തന്നെയാണ് വേണ്ടത്.