യുവതിയെയും മൂന്ന് വയസുള്ള മകളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഉക്കിനടുക്ക എല്‍ക്കാനയിലെ ഈശ്വരനായിക്കിൻ്റെ ഭാര്യ പരമേശ്വരി (42), മകള്‍ പത്മിനി (മൂന്ന്) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകീട്ടാണ് സംഭവം. ഭർത്താവ് ഈശ്വര നായിക്കും നാല് വയസുള്ള മകൻ ഹരിപ്രസാദും വീടിന് സമീപത്തെ ക്ഷേത്രത്തില്‍ പോയിരുന്നു. ഭാര്യയും മകളും ഒപ്പം എൻഡോസള്‍ഫാൻ കാരണം ശരീരം തളർന്ന് കിടപ്പിലായ ഈശ്വരനായിക്കിൻ്റെ സഹോദരൻ ശിവപ്പ നായിക്കും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.ക്ഷേത്രത്തില്‍ നിന്നും ഈശ്വര നായിക്കും മകനും വൈകീട്ടോടെ തിരിച്ചെത്തിയപ്പോഴാണ് പരമേശ്വരിയെയും മകളെയും കാണാനില്ലെന്ന വിവരം ശിവപ്പ നായിക്ക് പറയുന്നത്.തുടർന്ന് നാട്ടുകാരെ അറിയിച്ച് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിന് സമീപത്തെ കുളത്തില്‍ ഇരുവരെയും കണ്ടെത്തിയത്. ഉടൻ കാസർകോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും രണ്ടു പേരും മരിച്ചിരുന്നു.