ശബരിമല മണ്ഡലകാല, മകരവിളക്ക് ഉത്സവത്തിനുശേഷം നട അടച്ച് പന്തളത്തേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാ സംഘം നാളെ (24ന്) പന്തളത്ത് എത്തിച്ചേരും. ജനുവരി 13 നാണ് തിരുവാഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് ഘോഷയാത്രാസംഘം പന്തളത്ത് നിന്ന് പോയത്. മകരവിളക്ക് മഹോത്സവത്തിന് ശേഷം 22-ന് നടയടച്ച ശേഷമാണ്. തിരുവാഭരണഘോഷയാത്രാസംഘം പരമ്പരാഗത പാതയിലൂടെ തിരിച്ച് പന്തളത്തേക്ക് എത്തുന്നത്.
ഇന്ന് (23ന്) വൈകുന്നേരത്തോടെ ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തിച്ചേര്‍ന്ന ഘോഷയാത്രാസംഘം രാത്രിവിശ്രമത്തിന് ശേഷമാണ് നാളെ പന്തളത്തേക്ക് എത്തുക. ആറന്മുള മങ്ങാട്ട് കൊട്ടാരത്തില്‍ ആഭരണങ്ങള്‍ ദര്‍ശനത്തിനായി തുറന്ന് വച്ചിരുന്നു. നാളെ (ബുധന്‍) പുലര്‍ച്ചെ ആറന്മുളയില് നിന്ന് തിരിച്ച് കുറിയാനിപ്പള്ളി, ഉള്ളന്നൂര്‍, കുളനട വഴിയാണ് രാവിലെ ഏഴ് മണിക്ക് പന്തളത്ത് എത്തിച്ചേരുക.
പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെത്തുന്ന ആഭരണപ്പെട്ടികള്‍ ദേവസ്വം ബോര്‍ഡ് അധികാരികളില്‍ നിന്ന് കൊട്ടാരം നിര്‍വാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയില്‍ സൂക്ഷിക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി തുറക്കുന്നത്.