തുമ്പിതുള്ളല്‍
പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും ഓണക്കളിയാണ് തുമ്പിതുള്ളല്‍. ഈ ചടങ്ങില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ ഒരു വൃത്തത്തില്‍ കൂടിയിരിക്കുന്നു. തുമ്പിയായിട്ട് സങ്കല്‍പ്പിക്കുന്ന പെണ്‍കുട്ടി മധ്യഭാഗത്തായി നിലയുറപ്പിക്കുന്നു. ആ പെണ്‍കുട്ടി കണ്ണടച്ചായിരിക്കും ഇരിക്കുന്നത്. മറ്റു പെണ്‍കുട്ടികള്‍ “എന്താ തുമ്പി തുള്ളാത്തെ” എന്ന് തുടങ്ങുന്ന പാട്ട് പാടിത്തുടങ്ങുന്നു. പാട്ട് ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ നടുവിലുള്ള തുമ്പിപ്പെണ്ണ് തുമ്പഇലകള്‍ കൊണ്ട് മുഖം മറച്ച് തുള്ളിത്തുടങ്ങും. കൈയിലുള്ള പൂങ്കുല കൊണ്ട് മറ്റ് പെണ്‍കുട്ടികളെ അടിച്ചുതുടങ്ങും. പാട്ടിന്‍റെ താളം മുറുകുന്തോറും നൃത്തത്തിന്‍റെ വേഗതയും കൂടുന്നു.
ഓണത്താര്‍
മഹാബലിചക്രവര്‍ത്തിയാണ് ഓണത്താര്‍. ഉത്തരകേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ഓണക്കാലത്ത് കോലം കെട്ടി ആടുന്ന തെയ്യമാണിത്. പ്രത്യേകതരം വേഷംകെട്ടിയ ഓണത്താര്‍ ഉത്രാടം, തിരുവോണം നാളുകളില്‍ നാട്ടിലുള്ള ഓരോ വീടുകളിലും സന്ദര്‍ശനം നടത്തും. കൂടെയുള്ളവര്‍ ചെണ്ട കൊട്ടുന്നു. മഹാബലിയെ പറ്റിയുള്ള പാട്ടുകള്‍ പാടുകയും ചെയ്യുന്നു. ഓണത്താറിന്‍റെ കൈയില്‍ ഓണവില്ലുണ്ടാകും. ഇതിലെ മണികളില്‍ തട്ടിക്കൊണ്ടാണ് ഓണത്താര്‍ ആടുന്നത്. ചിലയിടങ്ങളില്‍ ഈ കലാരൂപത്തെ ഓണപ്പൊട്ടന്‍ എന്നും വിളിക്കുന്നു. ഓണപ്പൊട്ടന്‍ ഓലക്കുടയും ചൂടിയാണ് വരുന്നത്. പ്രത്യേകതരം മുടിയും താടിയും ആഭരണങ്ങളുമണിഞ്ഞ ഈ ഓണപ്പൊട്ടന്‍ സംസാരിക്കാറില്ല. അതുകൊണ്ടാണ് പൊട്ടന്‍ എന്ന് വിളിക്കുന്നത്.