തൃപ്പൂണിത്തുറ അപകടം: രണ്ടാഴ്ചയ്ക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും
അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സബ് കളക്ടർ കെ.മീര
തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഫോർട്ട് കൊച്ചി സബ് കളക്ടർ കെ.മീര പറഞ്ഞു. മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി അപകട സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുക യായിരുന്നു സബ് കളക്ടർ. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
അപകടത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച വീടുകൾ സബ് കളക്ടർ സന്ദർശിച്ചു. ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളെ സംബന്ധിച്ച് എൻജിനീയറിങ് വിഭാഗത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇത്തരം കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്നും സബ് കളക്ടർ പറഞ്ഞു.
കണയന്നൂർ തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, ഫോർട്ട് കൊച്ചി ആർ ഡി ഓഫീസ് സീനിയർ സൂപ്രണ്ട് വി വി ജയേഷ് , പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സബ് കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.