തണല്‍ അല്ലെങ്കില്‍ നിഴല്‍ എന്നര്‍ത്ഥമുള്ള ലാറ്റിന്‍ വാക്കായ ‘അംബ്ര’യില്‍ നിന്നുമാണ് അംബ്രല്ലാ എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്. കുടയുടെ ഉത്ഭവത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള പഠനമാണ് ബ്രോല്ലിയോളജി. കുടയ്ക്ക് അമേരിക്കക്കാര്‍ പറഞ്ഞിരുന്നത് ബമ്പര്ഷൂട്ട് എന്നാണ്. ബ്രിട്ടനിലും ഓസ്ട്രേലിയയിലും കുടയെ ബ്രോളി എന്ന് വിളിച്ചിരുന്നു.
കുടയെക്കുറിച്ചുള്ള ഒരു ലണ്ടന്‍ ജോക്ക് ഇതാ :
കുട മോഷണം പോകുന്നത് തടയാന്‍ ഒരു മാന്യന് ഒരു സൂത്രം കണ്ടുപിടിച്ചു. കടയിലേക്ക് കയറുന്നതിന് മുമ്പ് കുട പുറത്തുവെച്ചു. എന്നിട്ട് ഒരു കുറിപ്പും കുടയില്‍ വെച്ചു. കുറിപ്പ് ഇങ്ങനെയായിരുന്നു : ‘ഈ കുട ഇംഗ്ലണ്ടിലെ ബോക്സിംഗ് ചാമ്പ്യന്റേതാണ്. അദ്ദേഹം ഉടനെതന്നെ തിരിച്ചുവരും.’
കുറിപ്പ് വായിച്ചിട്ടും കുട മോഷ്ടിക്കാതിരിക്കാന്‍ കള്ളന് കഴിഞ്ഞില്ല. മാന്യദ്ദേഹം സാധനം വാങ്ങി തിരിച്ചുവന്നപ്പോള്‍ കുട കാണാനില്ല. പകരം ഒരു കുറിപ്പ് ഉണ്ടായിരുന്നു : ‘ഈ കുട എടുത്തുകൊണ്ടുപോയത് ഇംഗ്ലണ്ടിലെ ഓട്ടക്കാരന് ചാമ്പ്യനാണ്. അദ്ദേഹം ഒരിക്കലും തിരിച്ചുവരില്ല.’ എങ്ങനെയുണ്ട് കൊള്ളാമോ?