സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങൾക്കെതിരെ നടക്കുന്ന നീതിനിഷേധങ്ങൾ, വിദ്യാഭ്യാസ അവകാശങ്ങൾ, ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ പരിഹരിച്ച് സൂക്ഷ്മ ന്യൂനപക്ഷങ്ങളുടെ ഉന്നമനമാണ് കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ എ റഷീദ് പറഞ്ഞു. സംസ്ഥാനത്തെ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങൾക്കായി സംഘടിപ്പിച്ച പ്രഥമ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂക്ഷ്മ ന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരം, വിദ്യാഭ്യാസം, മറ്റു സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ഒപ്പം ഈ വിഭാഗത്തിൽ പെട്ടവരുടെ വിവരശേഖരണം നടത്തുന്നതിനും ആളുകളുടെ എണ്ണം കണക്കാക്കുന്നതിനും കേരള മീഡിയ അക്കാദമിയുമായി ചേർന്ന് സർവ്വേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
14 ജില്ലകൾ കേന്ദ്രീകരിച്ച് വിശദമായ പഠനം നടത്തി 72 ദിവസം കൊണ്ട് അക്കാദമി റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷം വരുന്ന സൂക്ഷ്മ ന്യൂനപക്ഷങ്ങൾ അധികം പാലക്കാട്, വയനാട് ,കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ്. പല ഭാഗങ്ങളിലായി നിൽക്കുന്ന ഇവരെ ഒന്നിച്ചുനിർത്തി ഒരുമയോടെയും ആത്മവിശ്വാസത്തോടെയും പൊതുസമൂഹത്തിൽ ഉയർന്നു വരുന്നതിനാണ് കമ്മീഷൻ ശ്രമിക്കുന്നത്. ഇവരുടെ ആരാധനാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പല ഭാഗത്തായി കിടക്കുന്ന ആളുകളെ ഒന്നിച്ച് നടത്തുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ഇത്തരമൊരു കൂട്ടായ്മയ്ക്ക് ആനുകാലിക കേരളത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. അവകാശ സംരക്ഷണങ്ങളെ കുറിച്ച് ഇവർ ഒറ്റയ്ക്കായി പറയുന്ന കാര്യങ്ങൾ ഒരു പൊതുവിടത്തിൽ വന്ന് അവതരിപ്പിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.
14 ജില്ലകളിലും കമ്മീഷന്റെ മൂന്ന് അംഗങ്ങൾ സിറ്റിംഗ് നടത്തുമ്പോൾ ലഭിക്കുന്ന പരാതിയിൽ കൂടുതലായി വരുന്നത് നീതിനിഷേധം, അവകാശനിഷേധം എന്നിവ സംബന്ധിച്ചവയാണ്. അത് ലഭിക്കുന്ന പല പരാതികൾക്കും ശരിയായ തീർപ്പ് കൽപ്പിക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നത്.
ജൈന വിഭാഗത്തിൽ പെടുന്നവർ കൂടുതലായി ജീവിക്കുന്ന വയനാട് ജില്ലയിൽ ഈ വിഭാഗത്തിനായി സാംസ്കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി കമ്മീഷൻ എല്ലാവിധ പിന്തുണയും നൽകും. പത്തനംതിട്ട ജില്ലയിൽ ബുദ്ധ വിഭാഗത്തിൻ്റെ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ വിഭാഗത്തിൽ പെട്ടവരുടെ സംസ്കാരം ചേർത്തുപിടിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നില്ല. അടുത്ത അധ്യയന വർഷം ഇത് തുടർന്ന് പ്രവർത്തിക്കുന്നതിനുള്ള എല്ലാ പിന്തുണയും കമ്മീഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.