ഓണക്കാലത്ത് കേരളീയരെ ഹരം പിടിപ്പിക്കുന്ന ജലോല്‍സവമാണ് വള്ളംകളി. ഇന്നിത് ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിക്കഴിഞ്ഞു. ഓണത്തോടനുബന്ധിച്ചുള്ള ജലമേളകളില്‍ പ്രധാനപ്പെട്ടവയാണ് ചമ്പക്കുളം വള്ളംകളി, നെഹ്റുട്രോഫി വള്ളംകളി, ഉത്രട്ടാതി വള്ളംകളി എന്നിവ. നൂറടിയിലധികം നീളവും നൂറ്റമ്പതു പേര്‍ക്കിരുന്ന് തുഴയാവുന്നതുമായ കൂറ്റന്‍ ചുണ്ടന്‍ വള്ളങ്ങള്‍ അണിനിരക്കുന്ന വള്ളംകളികള്‍ കേരളത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ആഞ്ഞിലിമരം കൊണ്ടാണ് ചുണ്ടന്‍ നിര്‍മ്മിക്കുന്നത്. ചിലപ്പോള്‍ തേക്കും കടമ്പുമരവും ഉപയോഗിക്കാറുണ്ട്. താളത്തില്‍ തുഴഞ്ഞ് ആര്‍പ്പുവിളികളോടെ വഞ്ചിപ്പാട്ടുപാടി മത്സരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളിലെ മത്സരാത്ഥികള്‍ക്കൊപ്പം കാണികളും ഉത്സാഹഭരിതരാകുന്നു.
പാമ്പിന്‍റെ ഫണത്തിന്‍റെ ആകൃതിയിലാണ് ചുണ്ടന്‍റെ രണ്ടറ്റവും. വളരെ സൂക്ഷ്മതയോടെയാണ് ചുണ്ടന്‍വള്ളങ്ങള്‍ നിര്‍മ്മിക്കുന്നത്. ചുണ്ടന്‍വള്ളങ്ങളെ കൂടാതെ വെപ്പ്, ഓടി എന്നീ വള്ളങ്ങളുടെ മത്സരങ്ങളും നടക്കാറുണ്ട്. ചുണ്ടന്‍ വള്ളങ്ങളാണ് ഏറ്റവും വലുത്. പണ്ട് യുദ്ധത്തിന് ഉപയോഗിച്ചിരുന്ന വള്ളങ്ങളായിരുന്നു ചുണ്ടന്‍. വെപ്പ് വള്ളങ്ങള്‍ ചുണ്ടന് അകമ്പടി പോകുന്നവയായിരുന്നു. രാജാക്കന്മാര്‍ക്ക് അകമ്പടി പോയിരുന്ന ഓടിവള്ളങ്ങള്‍ക്ക് ഇരുട്ടുകുത്തിയെന്നും പേരുണ്ട്. വള്ളം തുഴയുമ്പോഴുള്ള ആയാസം കുറയ്ക്കാന്‍ താളത്തില്‍ പാടിയിരുന്ന പാട്ടുകളാണ് വഞ്ചിപ്പാട്ടുകള്‍.
ലോകത്തിലെ ഏറ്റവും വലിയ ജലമേളയെന്നറിയപ്പെടുന്നത് നെഹ്റുട്രോഫി വള്ളംകളിയാണ്. ഓണത്തിനു മുന്നോടിയായി എല്ലാവര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്റുട്രോഫി വള്ളംകളി നടത്തുന്നു.
ഓണത്തിന്‍റെ അഞ്ചാം ദിവസമാണ് പമ്പാനദിയിലെ ആറന്മുള ഉത്രട്ടാതി വള്ളംകളി. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളിയാണിത്. ഈ വള്ളംകളിയില്‍ പങ്കെടുക്കുന്ന ചുണ്ടന്‍വള്ളങ്ങള്‍ പള്ളിയോടങ്ങളെന്നാണ് അറിയപ്പെടുന്നത്.