ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖൻ വേളാമതി ചന്ദ്രശേഖര ജനാർദ്ദന റാവുവിനെ കൊച്ചുമകൻ കുത്തിക്കൊന്നു.86-കാരനായ റാവു സ്വവസതിയില്‍ വച്ചാണ് കൊല്ലപ്പെട്ടത്. സ്വത്ത് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. 29-കാരനായ കിലാരു കീർത്തി തേജയാണ് മുത്തച്ഛനെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.വെല്‍ജൻ ഗ്രൂപ്പ് ചെയർമാനാണ് കൊല്ലപ്പെട്ട റാവു. പൂർവിക സ്വത്തിന്റെ വിഹിതമായി നാല് കോടി രൂപ തേജയ്‌ക്ക് നല്‍കിയിരുന്നെങ്കിലും സ്വത്ത് പങ്കുവച്ചതില്‍ കടുത്ത അതൃപ്തി കൊച്ചുമകനുണ്ടായിരുന്നു. തുടർന്ന് റാവുവിനെ ചോദ്യം ചെയ്യുന്നതിനിടെ ഇത് വലിയ വാക്കേറ്റത്തിലും കയ്യേറ്റത്തിലും കലാശിച്ചു. ഒടുവില്‍ ദേഷ്യം സഹിക്കാനാകാതെ മുത്തച്ഛനെ കുത്തിക്കൊല്ലുകയായിരുന്നു യുവാവ്. റാവുവിനെ 70 തവണ കുത്തിയെന്നാണ് വിവരം. അമേരിക്കയില്‍ ബിരുദാനന്തര ബിരുദം നേടിയ തേജ അടുത്തിടെയാണ് നാട്ടിലേക്ക് എത്തിയത്. തുടർന്ന് റാവുവിന്റെ വസതിയിലേക്ക് അമ്മയോടൊപ്പം വരികയായിരുന്നു.