വയോജനങ്ങളുടെ പരാതികളിൽ റവന്യൂ ഡിവിഷണൽ ഓഫീസർമാർ വിമുഖത കാണിക്കരുതെന്നും സത്വര നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ.
2007ലെ വയോജന സംരക്ഷണ നിയമപ്രകാരം ഇത്തരത്തിലുള്ള പരാതികൾ സ്വീകരിക്കേണ്ടത് റവന്യൂ ഡിവിഷണൽ ഓഫീസർമാരുടെ ചുമതലയാണെന്നും ചങ്ങനാശേരി മുൻസിപ്പൽ ടൗൺഹാളിൽ നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിനുശേഷം അഡ്വ. ഇന്ദിര രവീന്ദ്രൻ ഓർമിപ്പിച്ചു.
കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ, അയൽപക്കക്കാർ തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിന് ജാഗ്രത സമിതിയുടെ ഇടപെടലുണ്ടാകണം.
കുടുംബഭദ്രത ഇല്ലാതാക്കുന്നതിന് മദ്യപാനവും ലഹരിയും കാരണമാകുന്നുവെന്നും വനിതാ കമ്മിഷനംഗം പറഞ്ഞു.
സിറ്റിങ്ങിൽ 80 പരാതികൾ പരിഗണിച്ചു.
എട്ടുപരാതികൾ തീർപ്പാക്കി.
72 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും.
അഡ്വ. സി.കെ. സുരേന്ദ്രൻ, അഡ്വ. മീര രാധാകൃഷ്ണൻ, അഡ്വ.ഷൈനി ഗോപി തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.