പത്തനംതിട്ട നഗരത്തെ കൂടുതല്‍ സജീവമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനസര്‍ക്കാരിന്റെയും പത്തനംതിട്ട നഗരസഭയുടെയും നേതൃത്വത്തില്‍ നടന്നു വരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവീകരിച്ച പത്തനംതിട്ട നഗരസഭാ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആധുനികവത്ക്കരിച്ച നഗരസഭാ സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭദശയിലാണ്. ഗവ. നഴ്‌സിംഗ് കോളജ് പ്രവര്‍ത്തനം ആരംഭിച്ചു. അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ ദ്രുതഗതിയിലാണ്. വെട്ടിപ്പുറത്ത് ഭക്ഷ്യസുരക്ഷാ ലാബിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 10 കോടി രൂപ മുതല്‍മുടക്കില്‍ കുമ്പഴ മുതല്‍ വലഞ്ചുഴി വരെയുള്ള സ്ഥലത്ത് ടൂറിസം വകുപ്പിന്റെ പ്രോജക്ട് നിര്‍മാണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റുന്നതിനായി നടന്നു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുളള പശ്ചാത്തലത്തില്‍ ന്യായമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് വരുത്തുക, പ്രദേശത്തെ മത്സ്യവിപണനം വിപുലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മാര്‍ക്കറ്റ് നവീകരിച്ചത്. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേനയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. 400 ചതുരശ്ര അടിയിലധികം വിസ്തൃതിയില്‍ മാര്‍ക്കറ്റിനായി പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ ഏഴു കട മുറികളിലായി മല്‍സ്യ വിപണനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം 19 സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍ മത്സ്യ ഡിസ്‌പ്ലേ ട്രോളികള്‍,സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍ സിങ്കുകള്‍, ഡ്രെയിനേജ് സൗകര്യം എന്നിവയും മാര്‍ക്കറ്റിലുണ്ട്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയും വിധമാണ് മാര്‍ക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തറയില്‍ തെന്നി വീഴാത്ത തരത്തിലുള്ള ആന്റി സ്‌കിഡ് ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് പാകിയിട്ടുളളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റുകള്‍, വാഷ് ഏരിയ തുടങ്ങിവയും മാര്‍ക്കറ്റിലുണ്ട്. ഒരു കോടി രൂപ എസ്റ്റിമേറ്റ് ചെയ്ത പദ്ധതിയില്‍ 10 ലക്ഷം രൂപ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉപയോഗിക്കും. കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ മാര്‍ക്കറ്റിന്റെ നവീകരണപ്രവര്‍ത്തങ്ങള്‍ ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.എ ഷെയ്ഖ് പരീത്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം സക്കീര്‍ അലങ്കാരത്ത്, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരമാണിയമ്മ, നഗരസഭാംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.