ടി എസ് രാജശ്രീ
കാണാന്‍ കൗതുകമുള്ള പറക്കാന്‍ കഴിയാത്ത പക്ഷികളാണ് പെന്‍ഗ്വിനുകള്‍. ഇരുപതോളം ഇനങ്ങളിലുള്ള വ്യത്യസ്ത പെന്‍ഗ്വിനുകളുണ്ട്. ഭൂരിഭാഗം പെന്‍ഗ്വിനുകള്‍ ദക്ഷിണധ്രുവത്തിലാണ് കാണപ്പെടുന്നതെങ്കിലും ദക്ഷിണഅമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഗാലാപഗോസ് ദ്വീപുകള്‍ എന്നിവിടങ്ങളിലും പെന്‍ഗ്വിനുകള്‍ വസിക്കുന്നു. ഇരുപതോളം ഇനങ്ങളിലുള്ള വ്യത്യസ്ത പെന്‍ഗ്വിനുകളുണ്ട്.
പെന്‍ഗ്വിനുകളുടെ വിഭാഗത്തില്‍ പൊക്കം കൂടിയതും വലിപ്പമുള്ളതുമായ ഇനമാണ് ചക്രവര്‍ത്തിപെന്‍ഗ്വിനുകള്‍. 1.2 മീറ്റര്‍ ഉയരമുള്ള ഇവ ഇണയെത്തേടിയും ആഹാരമന്വേഷിച്ചും 120 കിലോമീറ്റര്‍വരെ യാത്ര ചെയ്യാറുണ്ട്. ഏറ്റവും ചെറിയ ഇനമായ ഫെയറിപെന്‍ഗ്വിനുകള്‍ക്ക് 40 സെന്‍റീമീറ്റര്‍ മാത്രമേ ഉയരമുള്ളു. ചക്രവര്‍ത്തി പെന്‍ഗ്വിനുകള്‍ ദക്ഷിണധ്രുവത്തിലും ഫെയറി പെന്‍ഗ്വിനുകള്‍ ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും കാണപ്പെടുന്നു.
വെള്ളത്തില്‍ നിന്നും കരയിലേക്കോ മഞ്ഞുകട്ടകളിലേക്കോ ചാടിക്കയറാന്‍ കഴിവുള്ള പെന്‍ഗ്വിനുകള്‍ പതുക്കെ കുലുങ്ങിക്കുലുങ്ങിയാണ് നടക്കുന്നത്. ദിശയറിയാനായി ഇവ സൂര്യനെ ആശ്രയിക്കുന്നു. വയറുപയോഗിച്ച് മഞ്ഞില്‍ തെന്നിനീങ്ങാനും ഇവയ്ക്കു കഴിയും. ആയുസ്സ് 15 മുതല്‍ 20 വര്‍ഷം വരെയാണ്.
ശരീരഘടന
വലിയ തലയും ചെറിയ കഴുത്തുമുള്ള പെന്‍ഗ്വിന് ചെറിയ വാലുമുണ്ട്. ഇവയുടെ പുറംഭാഗത്തിന് കറുത്തനിറവും വയറിന് വെളുപ്പുനിറവുമാണ്. തുഴ പോലെയുള്ള ചിറകുകള്‍ ഉപയോഗിച്ച് ഇവയ്ക്ക് സമുദ്രത്തില്‍ നീന്താന്‍ സാധിക്കുന്നു. വാലിന്‍റെ അടുത്തുള്ള ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുപയോഗിച്ചാണ് ഇവ തൂവലുകള്‍ തേച്ചുമിനുക്കുന്നത്. ഇതുമൂലം മറ്റൊരു ഗുണവുമുണ്ട്. എന്താണെന്നോ? ശരീരം ‘വാട്ടര്‍പ്രൂഫ്’ ആയി സൂക്ഷിക്കാന്‍ കഴിയും. പെന്‍ഗ്വിന് കരയില്‍ കാഴ്ചശക്തി കുറവാണ്. എന്നാല്‍ വെള്ളത്തിനടിയില്‍ കണ്ണിന് ‘സൂപ്പര്‍’ കാഴ്ചശക്തിയാണ്. ഇത് വെള്ളത്തില്‍ ഇരതേടാന്‍ സഹായിക്കുന്നു.
ചൂടും തണുപ്പും
ദക്ഷിണധ്രുവത്തിലും ചുറ്റുമുള്ള ദ്വീപുകളിലും വസിക്കുന്ന പെന്‍ഗ്വിനുകളുടെ ശരീരഘടന തണുത്തുറഞ്ഞ സമുദ്രതീരത്ത് ജീവിക്കാന്‍ അനുയോജ്യമായ രീതിയിലുള്ളതാണ്. കൊഴുപ്പുനിറഞ്ഞ ചര്‍മ്മവും അതിലെ എണ്ണമയവുമാണ് ഇവയെ തണുത്ത താപനിലയില്‍ ജീവിക്കാന്‍ സഹായിക്കുന്നത്. നൂറുകണക്കിന് പെന്‍ഗ്വിനുകള്‍ തോളോടുതോള്‍ ചേര്‍ന്ന് അടുത്തടുത്തായി നില്‍ക്കുന്നത് ഫോട്ടോകളില്‍ കൂട്ടുകാര്‍ കണ്ടിട്ടുണ്ടാകും. ശരീരത്തിന് ചൂട് ലഭിക്കാനാണ് അവ ഇങ്ങനെ ചെയ്യുന്നത്. ഗാലാപഗോസ് ദ്വീപില്‍ ചൂട് കൂടുതലായതുകൊണ്ട് ചൂടു കുറയ്ക്കാന്‍ പെന്‍ഗ്വിനുകള്‍ ചിറകുകൊണ്ട് വീശിക്കൊണ്ടിരിക്കും.
ആഹാരം
വളരെ ആഴത്തില്‍ മുങ്ങി മീന്‍ പിടിക്കാന്‍ പെന്‍ഗ്വിനുകള്‍ക്ക് കഴിയും. മത്സ്യങ്ങള്‍, ഞണ്ടുകള്‍, ചെറിയ കടല്‍ജീവികള്‍ തുടങ്ങിയവയാണ് ഇവയുടെ ഭക്ഷണം. കടലിലെ ഉപ്പുവെള്ളം കുടിച്ചശേഷം അതിലെ ഉപ്പ് അരിച്ച് പുറത്തേക്ക് കളയുന്ന ‘ഫില്‍ട്ടര്‍ സംവിധാനം’ ഇവയുടെ ശരീരത്തിലുണ്ട്. നാക്കില്‍ പിറകോട്ട് തിരിഞ്ഞുനില്‍ക്കുന്ന ചെറിയ മുള്ളുകളുണ്ട്. ഇതു കാരണം വായിലെടുക്കുന്ന ആഹാരം പുറത്തേക്ക് വഴുതിപ്പോവുകയില്ല. പെന്‍ഗ്വിന്‍റെ ചിത്രത്തിന്‍റെ ‘ക്ലോസ്അപ്പ്’ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. കൊക്കിന്‍റെ അറ്റം ഒരു കൊളുത്ത് പോലെയാണ്. ആഹാരം കൊത്തിവലിക്കാന്‍ ഇത് പ്രയോജനപ്പെടുന്നു.
പെന്‍ഗ്വിന്‍കുഞ്ഞുങ്ങള്‍
പെണ്‍പെന്‍ഗ്വിന്‍ മുട്ടയിട്ടു കഴിഞ്ഞാല്‍ ഉടനെ ആഹാരം തേടിപ്പോകും. ഒരു പ്രാവശ്യം ഒന്നോ രണ്ടോ മുട്ടയാണിടുന്നത്. പെണ്‍പെന്‍ഗ്വിന്‍ ആഹാരം തേടിപ്പോയാല്‍ ആ സമയത്ത് മുട്ടയിന്മേല്‍ അടയിരിക്കുന്നത് ആണ്‍പെന്‍ഗ്വിനാണ്. ആഹാരവുമായി പെണ്‍പെന്‍ഗ്വിന്‍ തിരിച്ചെത്താന്‍ രണ്ടാഴ്ചയെങ്കിലുമാകും. ഇത്രയും കാലം ആണ്‍പെന്‍ഗ്വിന്‍ തന്‍റെ ശരീരത്തിലെ കൊഴുപ്പുകൊണ്ടാണ് ജീവിക്കുന്നത്.
പെണ്‍പെന്‍ഗ്വിന്‍ തിരിച്ചുവന്നാല്‍ പിന്നെ ഇരതേടിപ്പോകാനുള്ള ഊഴം ആണിന്‍റേതാണ്. കുഞ്ഞുപെന്‍ഗ്വിന്‍ പുറത്തുവന്നുകഴിഞ്ഞാല്‍ ഉടനെതന്നെ പല ശബ്ദങ്ങളുമുണ്ടാക്കിത്തുടങ്ങും. എന്തിനാണെന്നോ? ഈ ശബ്ദം കേട്ടുകേട്ട് അച്ഛനുമമ്മക്കും കാണാപ്പാഠമാകാന്‍. കാരണം കുഞ്ഞുങ്ങള്‍ കുറച്ച് വലുതായിക്കഴിഞ്ഞാല്‍ അച്ഛനുമമ്മയും ഒരുമിച്ചായിരിക്കും ഇരതേടിപ്പാകുന്നത്. ആഹാരവുമായി തിരിച്ചുവരുമ്പോള്‍ കുഞ്ഞുങ്ങളെ തിരിച്ചറിയുന്നത് അവയുടെ ശബ്ദത്തിലൂടെയാണ്. പെന്‍ഗ്വിന്‍കുഞ്ഞുങ്ങള്‍ക്ക് വിശപ്പ് അല്‍പ്പം കൂടുതലാണ് കേട്ടോ. നന്നായി ആഹാരം കഴിച്ച് വേഗത്തില്‍ വളരുകയും ചെയ്യും.