അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്ന 19കാരി ഗായത്രിയുടെ മരണത്തില്‍ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ.ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം രാവിലെവരെ ആദർശ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ലോറി ഡ്രൈവറായ ആദർശ് ഗോവയ്ക്ക് പോയെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും രണ്ടാനച്ഛൻ ചന്ദ്രശേഖരൻ പറഞ്ഞു. അടൂരിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മകളെ പഠനത്തിന് അയക്കരുതെന്ന് രാജിയോട് നിർദ്ദേശിച്ചിരുന്നുവെന്ന് പറഞ്ഞ ചന്ദ്രശേഖരൻ, സ്ഥാപനത്തില്‍ പ്രശനങ്ങള്‍ ഉണ്ടെന്നും മകളെ അവിടെ പരിശീലനത്തിന് അയക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അവകാശപ്പെടുന്നു.
താനാണ് ഗായത്രിയെ വളർത്തിയത്. രേഖകളില്‍ മുഴുവൻ ഗായത്രി ചന്ദ്രശേഖരൻ എന്നാണ് പേര്. തന്നെ വേണ്ടെന്ന് പറഞ്ഞ് രാജിയാണ് കോന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒരു വർഷമായി ഇവരുമായി ബന്ധമില്ല. ഗായത്രി ആത്മഹത്യ ചെയ്യുകയില്ല. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള പെണ്‍കുട്ടിയാണ് ഗായത്രിയെന്നും പൊലീസ് കേസ് വിശദമായി അന്വേഷിക്കണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
അധ്യാപകൻ ഡേറ്റിങിന് ക്ഷണിച്ചതിനെ തുടർന്ന് ജീവനൊടുക്കിയെന്നാണ് മരണത്തില്‍ അമ്മ രാജി ആദ്യം ഉന്നയിച്ച ആരോപണം. തുടർന്നും അധ്യാപകനെതിരെ ആരോപണം ശക്തമായി ഉന്നയിച്ച അവർ ഇന്ന് മകളെ അധ്യാപകൻ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചിരുന്നു. ഇതിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ പൊലീസ് ഇതില്‍ മരണത്തില്‍ ആർക്കും പങ്കില്ലെന്നാണ് പറഞ്ഞിരിക്കുന്നതെന്നാണ് വ്യക്തമാക്കിയത്.