ജപ്പാനിൽ പുതുവർഷത്തിലെ അഭിമാനകരമായ മത്സ്യ ലേലത്തിൽ ചൂര മത്സ്യം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്. ടോക്കിയോ മത്സ്യ മാർക്കറ്റിൽ വച്ച് നടന്ന ലേലത്തിലാണ് ഒരു ചൂര മത്സ്യം വിറ്റുപോയത് 11,15,06,265 രൂപയ്ക്കാണ്. പുതുവർഷത്തിലെ മത്സ്യ ലേലത്തിൽ ഒരു മത്സ്യത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് ഇത്. മിഷെലിൻ സ്റ്റാർ നേടിയിട്ടുള്ള ടോക്കിയോയിലെ ഒനോഡര ഹോട്ടൽ ഗ്രൂപ്പാണ് 276 കിലോഗ്രാം ഭാരമുള്ള ബ്ലൂഫിൻ ട്യൂണ മത്സ്യം സ്വന്തമാക്കിയത്. ഒരു മോട്ടോർ ബൈക്കിന്റെ വലുപ്പമാണ് ഈ ചൂരയ്ക്കുള്ളത്. വർഷാരംഭത്തിലെ ലേലത്തിൽ ഒരു മത്സ്യത്തിന് 1999ന് ശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ലേല തുകയാണ് ഇത്. തുടർച്ചയായ അഞ്ച് വർഷവും ഈ ലേലം നേടുന്നത് ഒരേ ഹോട്ടൽ ഗ്രൂപ്പാണെന്നതും ശ്രദ്ധേയമാണ്. ആദ്യ ചൂര മത്സ്യം എന്നത് മികച്ച ഭാഗ്യത്തിന്റെ അടയാളമാണ്. തങ്ങളുടെ ഉപഭോക്താക്കൾക്കും ഈ ഭാഗ്യത്തിന്റെ ഒരു അംശം ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് ഹോട്ടൽ അധികൃതർ പ്രതികരിക്കുന്നത്. കഴിഞ്ഞ വർഷം ആറര കോടി രൂപ നൽകിയാണ് 238 കിലോ ഭാരമുള്ള ചൂരയെ ഇതേ ഹോട്ടൽ സ്വന്തമാക്കിയത്. 2019ലാണ് ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് ഇവിടെ നിന്ന് ചൂര മത്സ്യം വിറ്റുപോയത്. 18,19,12,146 രൂപയ്ക്കായിരുന്നു 278 കിലോ ഭാരമുള്ള ചൂരമത്സ്യം ലേലം ചെയ്തത്.