ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.വിവാഹങ്ങൾ പുലർച്ചെ നാലുമുതൽ ആരംഭിക്കും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. വിവാഹസംഘങ്ങൾ നേരത്തെ എത്തി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ പുതിയ നടപ്പന്തലിലെ കൗണ്ടറിൽനിന്ന് ടോക്കൺ വാങ്ങണം. വരനും വധുവും ഉൾപ്പെടെ ഫോട്ടോഗ്രാഫർമാരടക്കം 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ.തിരക്ക് നിയന്ത്രിക്കുന്നതിനായി കിഴക്കേ നട പൂർണമായും വൺവേ ആക്കും. വിവാഹം കഴിഞ്ഞവർ തെക്കേ നടവഴി മടങ്ങണം. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.അധിക പോലീസിനെ ക്ഷേത്രത്തിനകത്തും പുറത്തും വിന്യസിക്കും. സി.സി.ടി.വി നിരീക്ഷണം ശക്തമാക്കും. ക്ഷേത്രത്തിന്റെ ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. ദേവസ്വം സ്കൂൾ മൈതാനങ്ങളിൽ പാർക്കിങ് സൗകര്യമൊരുക്കും.
കുന്നംകുളം–ഗുരുവായൂർ, ചൂണ്ടൽ–ഗുരുവായൂർ, ചാവക്കാട്–ഗുരുവായൂർ റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ കൂട്ടമായി പാർക്ക് ചെയ്യരുതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദേവസ്വം അഭ്യർഥിച്ചു. ഭക്തജനങ്ങളുടെ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് ചെയർമാൻ പറഞ്ഞു.

