അനധികൃതമായി സർവീസില്‍നിന്ന് വിട്ടുനില്‍ക്കുന്ന 36 ഡോക്ടർമാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. 33 ഡോക്ടർമാരെ ആരോഗ്യഡയറക്ടറും മൂന്നുപേരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമാണ് നീക്കംചെയ്തത്. നോട്ടീസിനോട് പ്രതികരിക്കാത്ത 17 ഡോക്ടർമാരുടെ പേരില്‍കൂടി അടുത്തയാഴ്ചയോടെ നടപടി വന്നേക്കും. കാരണംകാണിക്കല്‍ നോട്ടീസിനോടുംപോലും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടല്‍. പലരും സ്വകാര്യമേഖലയിലോ വിദേശത്തോ ജോലി തേടിപ്പോയതാകാമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍മാത്രം 600 ഡോക്ടർമാർ അനധികൃതമായി സർവീസില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ഡോ. കെ.ജെ. റീന പറഞ്ഞു. 2008 മുതല്‍ സർവീസില്‍നിന്ന് വിട്ടുനില്‍ക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. ജൂനിയർ കണ്‍സള്‍ട്ടന്റ്, അസിസ്റ്റന്റ് സർജൻ, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസർ തുടങ്ങിയ തസ്തികകളിലുള്ളവരെയാണ് പുറത്താക്കിയത്.