പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജൻ (85) അടയാർ നദിയില്‍ ചാടി ജീവനൊടുക്കി. ഹോട്ടലിലേക്ക് പോകുന്നതിനിടെ കാർ നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടുവെന്നും പുറത്തിറങ്ങി പാലത്തില്‍ നിന്ന് ചാടിയെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.
1983 ല്‍ ബ്രഹ്മചാരികള്‍ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് രാജൻ സിനിമാജീവിതം ആരംഭിച്ചത്. നടൻ, സംവിധായകൻ, രചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. 1987 ല്‍ രഘുവരൻ അഭിനയിച്ച മൈക്കല്‍ രാജ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. തങ്കമന തങ്കച്ചി (1991), ചിന്ന പൂവായ് കിള്ളാതെ (1992) തുടങ്ങിയ സിനിമകള്‍ക്ക് കഥയെഴുതി. നമ്മ ഒരു മറിയാമ്മ (1991) സംവിധാനം ചെയ്തു.ഡബിള്‍സ് (2000), അവള്‍ പാവം (2000), നിനക്കാത്ത നാളില്ലൈ (2001) തുടങ്ങി നിരവധി ചിത്രങ്ങള്‍ നിർമ്മിച്ചു. 2023ല്‍ അജിത് കുമാർ നായകനായ തുണിവ്, സെല്‍വരാഘവൻ അഭിനയിച്ച ബകാസുരൻ എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്. അഭിനേതാക്കള്‍ അമിത പ്രതിഫലം വാങ്ങുന്നുവെന്ന് ഈയിടെ വിമർശിച്ചിരുന്നു.പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുടുംബ പ്രശ്നങ്ങള്‍ അലട്ടിയിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുറച്ചുനാളായി സ്വകാര്യ ഹോട്ടലിലായിരുന്നു താമസം.

