സഹോദയ കോംപ്ലക്സിനു കീഴിലുള്ള സിബിഎസ്ഇ സ്കൂളുകളുടെ ‘സർഗസംഗമം’ കലോത്സവം ഒക്ടോബർ 15 മുതൽ 17 വരെ പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടക്കും. ജില്ലയിലെ 107 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി ഏഴായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയിൽ സ്റ്റേജ് ഇതര മത്സരങ്ങൾ ഒക്ടോബർ 10 നും സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 15, 16, 17 തീയതികളിലുമായി നടക്കും. ഒക്ടോബർ 15-ന് രാവിലെ കലോത്സവത്തിന് തിരിതെളിയും. സമാപന സമ്മേളനവും സമ്മാന വിതരണവും 17-നാണ്. കോട്ടയം സഹോദയ രക്ഷാധികാരി ബെന്നി ജോർജ്, പ്രസിഡന്റ് ഫാ. ഷിജു പാറത്താനം, ജനറൽ സെക്രട്ടറി ഡോ. സുനിത സതീഷ്, ട്രഷറർ ഫാ. സാബു കൂടപ്പാട്ട്, വൈസ് പ്രസിഡന്റുമാരായ ആർ.സി.കവിത, റൂബി ബെന്നി, പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോഷ് കാഞ്ഞുപറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നത്. ശാസ്ത്രമേള പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളിൽ നടക്കുമെന്നും ഇതിനൊപ്പം കായിക മത്സരങ്ങളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

