തൃശൂരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പ്രസിദ്ധമായ പുലിക്കളി നാളെ (29 ന്) വൈകീട്ട് 4 മണിക്ക് സ്വരാജ് റൗണ്ടിലും നഗരത്തിലുമായി അരങ്ങേറും. ചെണ്ടമേളത്തിനൊപ്പം അരമണികിലുക്കി ആർപ്പുവിളികളുമായി നാനൂറോളം പുലികളാണ് ഇത്തവണ നഗരം കീഴടക്കുന്നത്. വിവാദങ്ങളെ അതിജീവിച്ച്, തനതു നാടൻ കലാരൂപത്തിന്റെ തനിമയും കൂട്ടായ്മയുടെ കരുത്തും ചോരാതെയാണ് ഇത്തവണ പുലിക്കളി അരങ്ങേറുന്നത്.വിയ്യൂർ യുവജനസംഘം, കുടങ്കുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടுகര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നിങ്ങനെ 9 പുലിക്കളി സംഘങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇതിൽ ഒളരിക്കര ദേശം ഇതാദ്യമായാണ് ചുവടുവെയ്ക്കുന്നത്.നാളെ വൈകീട്ട് 4-ന് വിയ്യൂർ യുവജനസംഘം ആദ്യം സ്വരാജ് റൗണ്ടിലെത്തും. ഏറ്റവും ഒടുവിലായി രാത്രി 7:20-ന് അയ്യന്തോൾ ദേശവും പ്രവേശിക്കും. ആറ് സംഘങ്ങൾ എം.ജി റോഡിലൂടെയും, രണ്ട് ടീമുകൾ വടക്കേ ബസ് സ്റ്റാൻഡ് വഴി ബിനി ജങ്ഷനിലൂടെയും റൗണ്ടിൽ പ്രവേശിക്കും. പാട്ടുരായ്ക്കൽ ടീം ഷൊർണൂർ റോഡ് വഴി റൗണ്ടിലെത്തും. ഓരോ സംഘത്തിലും 35 മുതൽ 51 വരെ പുലിക്കളി കലാകാരന്മാരുണ്ടാകും. വാദ്യ സംഘത്തിൽ 25 മുതൽ 35 വരെ അംഗങ്ങളണുള്ളത്. ഇവരോടൊപ്പം വിവിധ നിശ്ചലദൃശ്യങ്ങളും അകമ്പടിയാകും.

