തിരുവനന്തപുരത്ത് 2024-ൽ എൽ.ഡി.എഫ് സർക്കാർ സംഘടിപ്പിച്ച കായിക ഉച്ചകോടിയും (ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള – ISSK) അതുവഴിയുള്ള കോടികളുടെ നിക്ഷേപ പ്രഖ്യാപനങ്ങളും വെറും വാഗ്ദാന തട്ടിപ്പാണെന്ന് സർക്കാർ രേഖകൾ. അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ 4,500 കോടി രൂപയുടെ നിക്ഷേപവും 10,000 പേർക്ക് തൊഴിലവസരവും ലഭിക്കുമെന്ന് അവകാശപ്പെട്ടപ്പോൾ, സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ 5,025 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചതെന്നാണ് പറയുന്നത്.എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും ഈ പ്രഖ്യാപനങ്ങളിൽ ഒന്നുപോലും യാഥാർത്ഥ്യമായിട്ടില്ലെന്ന് മാത്രമല്ല, ഉച്ചകോടിയിൽ പങ്കെടുത്ത പല സ്ഥാപനങ്ങളും സ്‌പോൺസർഷിപ്പ് തേടിയാണ് എത്തിയതെന്ന് വ്യക്തമാകുന്നു.
ഉച്ചകോടിയിൽ പങ്കെടുത്ത കായിക അക്കാദമികളുടെ പ്രൊജക്റ്റുകളെ നിക്ഷേപമായി പരിഗണിച്ചാണ് മുൻ കായികമന്ത്രി കണക്കുണ്ടാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചി ആസ്ഥാനമായ ലോർഡ്സ് ഫുട്ബോൾ അക്കാദമി, സ്പോർട്സ് സിറ്റി പദ്ധതിയുമായാണ് ഉച്ചകോടിയിൽ പങ്കെടുത്തതെങ്കിലും അവർക്ക് ഒരു രൂപയുടെ നിക്ഷേപ വാഗ്ദാനം പോലും ലഭിച്ചിട്ടില്ല. എന്നാൽ പദ്ധതിക്കായി 650 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്നാണ് സർക്കാർ രേഖയിലുള്ളത്. ‘ഓൾ കേരള സ്പോർട്സ് ഫെഡറേഷൻ പ്രൈവറ്റ് ലിമിറ്റഡ്’ വഴി 250 കോടിയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് കായിക വകുപ്പ് അവകാശപ്പെടുമ്പോൾ, തങ്ങൾക്ക് യാതൊരു വാഗ്ദാനവും ലഭിച്ചിട്ടില്ലെന്നാണ് ഫെഡറേഷൻ ഭാരവാഹികൾ പറയുന്നത്. കൂടാതെ, കേരള ക്രിക്കറ്റ് അസോസിയേഷന്റെ പേരിൽ 1200 കോടിയും കേരള ഫുട്ബോൾ അസോസിയേഷൻ വഴി 800 കോടിയും ലഭിക്കുമെന്ന് പറയുമ്പോൾ, ഇവർ നേരത്തെ നടപ്പാക്കിവന്ന പദ്ധതികൾ തന്നെയാണ് സ്പോർട്സ് സമ്മിറ്റിന്റെ ഭാഗമാക്കി വീണ്ടും അവതരിപ്പിച്ചത് എന്ന ഗുരുതരമായ വിമർശനവും ഉയരുന്നുണ്ട്.

