പോങ്ങുംമൂട് ചേന്തിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു.ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരി കൂടിയാണ് അനിൽ.ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന.ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സംഘാടകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്.ചേന്തി വഴിയിലൂടെ ചെമ്പഴന്തിയിലെ ഗുരുജയന്തി ആഘോഷ പരിപാടിയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.വാഹനം തടഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രി കാറിൽനിന്ന് പുറത്തിറങ്ങി സംഘാടകരുമായി സംസാരിച്ചിരുന്നു.ഇതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനും സംഘാടകരും തമ്മിൽ വാക്കുതർക്കമുണ്ടായി.പരിപാടി നടക്കുന്ന സ്ഥലത്ത് വിളക്ക് കൊളുത്തിയശേഷം പോകണമെന്ന് അവിടെയുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചെങ്കിലും ചേന്തി അനിൽ മുഖ്യമന്ത്രിയോട് കയർത്തു സംസാരിച്ചതായാണ് പൊലീസ് പറയുന്നത്.സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.തുടർന്ന് അർധരാത്രിയോടെയാണ് ശ്രീകാര്യം പൊലീസ് ചേന്തി അനിലിനെ കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലെടുത്ത ശേഷം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

