മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി നേരിട്ടു. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു. തടികച്ചവടവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക വഞ്ചന നടത്തിയെന്ന പരാതിയിൽ എറണാകുളം അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റോജി അഗസ്റ്റിൻ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ സമാനമായ ഹർജികൾ ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിചാരണക്കോടതിയുടെ ഈ നിർണ്ണായക നടപടി. ഇതിനെ തുടർന്ന് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബർ ഏഴിന് കോടതി ഔദ്യോഗികമായി വായിച്ചു കേൾപ്പിക്കും.

