കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ 2025 -2026 വർഷത്തെ ജി വി രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കൗൺസിൽ ഏർപ്പെടുത്തിയിട്ടുളള മറ്റു അവാർഡുകൾ , മാധ്യമ അവാർഡുകൾ, കോളേജ്, സ്കൂൾ, സെൻട്രലൈസ്ഡ് അക്കാഡമി വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ, വനിത കായിക താരങ്ങൾക്കുളള അവാർഡുകൾ എന്നിവയ്ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.
1 ജി വി രാജ അവാർഡ്
ദേശീയ/അന്തർദേശീയ കായിക രംഗത്ത് കേരളത്തെ പ്രതിനിധാനം ചെയ്ത് മികച്ച പ്രകടനം കാഴ്ചവെച്ച കേരളീയരായ കായിക താരങ്ങളെ 2025-2026 വർഷത്തെ കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പരമോന്നത ബഹുമതിയായ ജി വി രാജ അവാർഡിനു പരിഗണിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു കൊളളുന്നു. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. പുരുഷ, വനിത വിഭാഗങ്ങളിലായി ഒരോ കായിക താരത്തിനു വീതമായിരിക്കും അവാർഡിനു പരിഗണിക്കുന്നത്. അപേക്ഷകർ അവാർഡിനായി അപേക്ഷിക്കുന്ന വർഷത്തിനു തൊട്ടു മുൻപുളള 4 സാമ്പത്തിക വർഷ കാലയളവിൽ ഒളിമ്പിക്സ്, അംഗീകൃത വേൾഡ് ചാമ്പ്യൻഷിപ്പുകൾ, അംഗീകൃത ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ (സീനിയർ തലം) കോമൺവെൽത്ത് ഗെയിംസ് തുടങ്ങി അംഗീകൃത അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കിയവരായിരിക്കണം.കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിദ്ധീകരിക്കുന്ന നിർദ്ദിഷ്ട ഫോറത്തിലെ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ബന്ധപ്പെട്ട അസോസിയേഷൻ മുഖേനയും അപേക്ഷ സമർപ്പിക്കാവുന്നതാണ് ജി വി രാജ അവാർഡ് മുൻകാലങ്ങളിൽ ലഭിച്ചവർ അപേക്ഷിക്കുവാൻ പാടുളളതല്ല. .
2 സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
കേരള കായിക രംഗത്തിനു സമഗ്ര സംഭാവനകൾ നൽകിയ ഒരു വ്യക്തിക്ക് ആജീവനാന്ത കായിക നേട്ടങ്ങൾ പരിഗണിച്ച് നൽകുന്ന അവാർഡാണ് ഇത്. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ബന്ധപ്പെട്ട അസോസിയേഷൻ മുഖേനയും അപേക്ഷ സമർപ്പിക്കാവുന്നതാണ്
3 മികച്ച കായിക പരിശീലകനുളള അവാർഡ്
2025-2026 വർഷത്തെ മികച്ച കായിക പരിശീലകനുളള അവാർഡിനു അപേക്ഷ ക്ഷണിക്കുന്നു. 1,00,000/- രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കായിക രംഗത്തെ പരിശീലന മികവിന്റെയും അടിസ്ഥാനത്തിലാണ് അവാർഡിനു തെരഞ്ഞെടുക്കുന്നത്. കേരളത്തിൽ സേവനം അനുഷ്ഠിക്കുന്ന കേരളത്തിലെ കായിക താരങ്ങൾക്ക് പരീശീലനം നൽകുന്നവരെയാണ് ഈ അവാർഡിനു പരിഗണിക്കുന്നത്.അപേക്ഷകർ അവാർഡിനായി അപേക്ഷിക്കുന്ന വർഷത്തിനു തൊട്ടു മുൻപുളള 4 സാമ്പത്തിക വർഷ കാലയളവിലെ പരിശീലന മികവിന്റെയും പരിശീലനം നൽകിയ വർഷങ്ങളിൽ കായിക താരങ്ങൾ ഒളിമ്പിക്സ്, അംഗീകൃത വേൾഡ് ചാമ്പ്യൻഷിപ്പുകൾ, അംഗീകൃത ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ (സീനിയർ തലം), കോമൺവെൽത്ത് ഗെയിംസ് തുടങ്ങി അംഗീകൃത അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് കൈവരിച്ച നേട്ടങ്ങളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുന്ന രേഖകൾ സഹിതം അപേക്ഷിക്കേണ്ടതാണ്.
4 മികച്ച കായിക അദ്ധ്യാപക അവാർഡ്
2025-26 അദ്ധ്യായന വർഷങ്ങളിൽ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച സ്കൂൾ/കോളേജുകളിലെ കായിക അദ്ധ്യപകരുടെ കായിക നേട്ടത്തിന്റെയും പരിശീലന മികവിന്റെയും അടിസ്ഥാനത്തിൽ മികച്ച കായിക അദ്ധ്യാപക അവാർഡിനായി അപേക്ഷിക്കാവുന്നതാണ്. ഒരോ വിഭാഗത്തിനും 50,000/-രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
5 മികച്ച കായിക നേട്ടം കൈവരിച്ച സ്കൂൾ
2025-2026 അദ്ധ്യയന വർഷത്തിൽ മികച്ച കായിക നേട്ടങ്ങൾ കരസ്ഥമാക്കിയ സ്കൂളിനു അവാർഡിനു അപേക്ഷിക്കാവുന്നതാണ്. കായിക നേട്ടങ്ങളുടെ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 50,000/-രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
6 മികച്ച കായിക നേട്ടം കൈവരിച്ച കേളേജ്
2025-2026 അദ്ധ്യയന വർഷത്തിൽ മികച്ച കായിക നേട്ടങ്ങൾ കരസ്ഥമാക്കിയ കോളേജിനു അവാർഡിനു അപേക്ഷിക്കാവുന്നതാണ്. കായിക നേട്ടങ്ങളുടെ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 50,000/-രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
7 കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ മാധ്യമ അവാർഡുകൾ
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2025-2026 വർഷത്തെ മാധ്യമ അവാർഡുകൾക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.
- മികച്ച സ്പോർട്സ് ജേർണലിസ്റ്റ്
- മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർ
- മികച്ച കായിക ദൃശ്യ മാധ്യമ പരിപാടി
- മികച്ച സ്പോർട്സ് പുസ്തകം
എന്നീ വിഭാഗങ്ങൾക്കാണ് അവാർഡ് നൽകുന്നത് ഒരോ വിഭാഗത്തിനും 50,000/-രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
2025-2026 വർഷത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും, ചിത്രങ്ങളുടെയും ഈ കാലയളവിൽ കായിക രംഗത്തിന്റെ വികസനതിനുതകുന്ന പ്രത്യേക പരിപാടികൾ സംപ്രേക്ഷണം ചെയ്ത ദൃശ്യ മാധ്യമ പരിപാടികളേയും അതാത് കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുമാണ് പുരസ്കാരത്തിനു പരിഗണിക്കുന്നത്. ഒരാളിൽ നിന്നു പരമാവധി രണ്ടു ലേഖനങ്ങളും 2 ഫോട്ടോകളും 2 പെൻഡ്രൈവുകളും സ്വീകരിക്കും പ്രത്യേക അപേക്ഷ ഫോറം ഇല്ല. പൂർണ്ണമായ പേരും മേൽ വിലാസവും എഴുതിയ അപേക്ഷയോടൊപ്പം പ്രസിദ്ധീകരണത്തിന്റെ പേരും തീയതിയും വ്യക്തമായിരിക്കണം.
8 കോളേജ് /സ്കൂൾ സ്പോർട്സ് അക്കാഡമി (സ്പോർട്സ് ഹോസ്റ്റൽ) വിഭാഗത്തിൽ എറ്റവും മികച്ച കായികനേട്ടങ്ങൾ കൈവരിച്ച പുരുഷ/വനിത കായിക താരങ്ങൾക്കുളള അവാർഡ്
2025-2026 വർഷത്തെ കോളേജ് /സ്കൂൾ സ്പോർട്സ് അക്കാഡമി (സ്പോർട്സ് ഹോസ്റ്റൽ) വിഭാഗത്തിൽ എറ്റവും മികച്ച കായികനേട്ടങ്ങൾ കൈവരിച്ച പുരുഷ/വനിത കായിക താരങ്ങൾക്കുളള അവാർഡ് നൽകുന്നു ഒരോ വിഭാഗത്തിനും 50,000/-രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.(സ്പോർട്സ് കൗൺസിലിന്റെ സ്കീമിലുളള കുട്ടികൾക്ക് മാത്രമേ അപേക്ഷിക്കുവാൻ പാടുളളൂ)
അപേക്ഷകർ കായിക നേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബന്ധപ്പെട്ട ഹോസ്റ്റൽ അധികാരിയുടെ കൈയൊപ്പോടുകൂടി സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ 15/09/2026 നു മുമ്പായി സെക്രട്ടറി, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ തിരുവനന്തപുരം -1 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.വിവരങ്ങൾക്ക് (www.sportscouncil.kerala.gov.in) എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

