കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ദിശ നൽകാൻ കോഴിക്കോട് ഐ.ഐ.എമ്മിൽ ‘റീ ഇമാജിനിങ് കേരളം’ ദ്വിദിന നേതൃത്വ ശിൽപശാലയ്ക്ക് ഇന്ന് തുടക്കം .കേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങളും നയപരമായ കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന ‘റീ ഇമാജിനിങ് കേരളം’ (Reimagining Keralam) എന്ന ദ്വിദിന ശിൽപശാല കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIMK) രാവിലെ മുതൽ തുടക്കം. ദൈനംദിന ഭരണപരമായ തിരക്കുകളിൽ നിന്ന് മാറി, കൃത്രിമബുദ്ധിയുടെ കാലത്തെ നേതൃത്വം, കാലാവസ്ഥാ പ്രതിരോധം, വയോജന സമൂഹം (‘സിൽവർ ഇക്കോണമി’), സാമ്പത്തിക-ധനകാര്യ അടിത്തറ, ഉന്നത വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ നിർണായക വിഷയങ്ങളിൽ കൂട്ടായ ആലോചനകൾ നടത്തുക എന്നതാണ് ഐ.ഐ.എം. കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ ഉന്നതതല നേതൃത്വ ശിൽപശാലയുടെ പ്രധാന ലക്ഷ്യം.ഐ.ഐ.എം. ഫാക്കൽറ്റികൾക്ക് പുറമെ ജപ്പാനിലെ കിയോ സർവകലാശാല, കിങ്‌സ് കോളജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യാന്തര വിദഗ്‌ധരും, പ്രമുഖ ആരോഗ്യ വിദഗ്‌ധരും ശിൽപശാലയിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നുണ്ട്.2011-ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ നേതൃത്വ പരിശീലനം സംഘടിപ്പിച്ചതിന് ശേഷം, കേരള മന്ത്രിസഭയ്ക്കായി സ്ഥാപനം സംഘടിക്കുന്ന രണ്ടാമത്തെ സമർപ്പിത ശിൽപശാലയാണിത്.

