മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന ജിജോ ജോൺ പുതേഴത്തിനെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ യൂട്യൂബർ അരുൺ ലാൽ (40) അറസ്റ്റിലായി. കഴക്കൂട്ടം പള്ളിപ്പുറം കനിയാപുരം വെട്ടുറോഡ് റെയിൽവേ ഗേറ്റിനു സമീപം എസ്.വി.ഭവനിൽ താമസിക്കുന്ന അരുൺ ലാലിനെ വഞ്ചിയൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയിലാണ് ഈ നടപടി. ‘എസ്.വി വെബ്സ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇയാൾ അധിക്ഷേപ സന്ദേശങ്ങളും ശബ്ദങ്ങളും പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അധിക്ഷേപ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ, കലാപ ആഹ്വാനം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീകളെടക്കം സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ വേറെയും എട്ടോളം കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.

