ജനാധിപത്യത്തെയും ഭരണഘടനയെയും നെഞ്ചിലേറ്റുന്ന ഓരോ പൗരനും പ്രതിപക്ഷ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന “ചലോ ദില്ലി’ബഹുജന പ്രക്ഷോഭ റാലിയിലേക്ക് എത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.നവംബർ ഒന്നിനു നടക്കുന്ന ചരിത്രപരമായ പ്രക്ഷോഭത്തിനു മുന്നോടിയായി പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് രാഹുല്‍ ഗാന്ധി ഈ ആഹ്വാനം നടത്തിയത്.വോട്ടുകൊള്ളയ്ക്കു വിരാമമിടാനുള്ള ഈ സമരം ഒരു രാഷ്ട്രീയപാർട്ടിയുടേതു മാത്രമല്ല, ഭാരതത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനും സംരക്ഷിക്കാനുമുള്ള ജനകീയ പോരാട്ടമാണെന്ന് രാഹുല്‍ പറഞ്ഞു.രാഷ്ട്രീയവ്യത്യാസങ്ങള്‍ മറന്ന് യുവജനങ്ങളും വിദ്യാർഥികളും പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. “രാജ്യത്തിന്റെ സ്വതന്ത്ര ചിന്തകള്‍ക്കും ആശയങ്ങള്‍ക്കുംനേരേ ആക്രമണമുണ്ടാകുന്നുവെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ഈ പോരാട്ടത്തില്‍ പങ്കാളികളാകണം. പൊലിസിനെയോ ലാത്തിയെയോ ഭയക്കേണ്ടതില്ല. നിങ്ങളുടെ മുന്നില്‍ അത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കാൻ ബിജെപിക്ക് ധൈര്യമുണ്ടാകില്ല’’-രാഹുല്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

