സെക്രട്ടേറിയറ്റിന് മുന്നിൽ മാസങ്ങളായി തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായാണ് സമരക്കാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ചർച്ച നടന്നത്.
ഡിവിഷൻ ഫാൾ മൂലം അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്ന സർക്കാർ എൽപി സ്കൂളുകളിൽ വിദ്യാർഥി-അധ്യാപക അനുപാതം 1:25 ആയി കുറയ്ക്കുന്നതാണ് പ്രധാന പരിഗണന. നിലവിലുള്ള 1:30 അനുപാതത്തിൽ മാറ്റം വരുത്തുന്നതിലൂടെ കൂടുതൽ അധ്യാപക നിയമനങ്ങൾക്ക് അവസരമൊരുക്കാനാകുമെന്നാണ് വിലയിരുത്തൽ. സമരം ഒത്തുതീർപ്പാക്കാനുള്ള നിർദേശങ്ങൾ മന്ത്രിസഭാ യോഗം പരിഗണിക്കും.സമരക്കാരുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ നാലെണ്ണം പരിഗണിക്കാമെന്ന് സർക്കാർ നേരത്തേ ഉറപ്പുനൽകിയിരുന്നു. എന്നാൽ വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ തീരുമാനമാകാത്തതോടെയാണ് സമരം ശക്തമായത്.
ഇതിനിടെ സമരസമിതി നേതാവ് എസ്. വളർമതി തലമുണ്ഡനം ചെയ്ത് ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരവും സർക്കാരിന് സമ്മർദമായി. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വളർമതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. സമരപ്പന്തൽ പോലീസ് നീക്കം ചെയ്തതും പ്രതിഷേധത്തിന് ഇടയാക്കി.ഡിവിഷൻ ഫാൾ സംഭവിച്ച സ്കൂളുകളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനൊപ്പം നിലവിലുള്ള പിഎസ്സി റാങ്ക് പട്ടികയിൽ നിന്ന് കൂടുതൽ നിയമനങ്ങൾ നടത്താനുള്ള സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. അധ്യാപക അനുപാതത്തിൽ താൽക്കാലിക ഇളവ് അനുവദിക്കുന്നതും പരിഗണനയിലുണ്ട്.മന്ത്രിസഭാ യോഗത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി സമരസമിതി പ്രതിനിധികളുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. സർക്കാർ സ്വീകരിക്കുന്ന നിലപാട് സമരം അവസാനിപ്പിക്കുന്നതിൽ നിർണായകമാകും.

